Uncategorized

ട്രംപിന്റെ മരുമകന്റെ ഫോൺ ഹാക്ക് ചെയ്തതായി വെളിപ്പെടുത്തൽ, സൗദിയുമായും യു.എ.ഇയുമായും രഹസ്യ സാമ്പത്തിക ഇടപാടുകളെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: വൈറ്റ് ഹൗസിന്റെ ഭാഗമായി സേവനമനുഷ്ഠിക്കവെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജാരെഡ് കുഷ്‌നർ ഗൾഫ് രാജ്യങ്ങളുടെ രഹസ്യ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായി റിപ്പോർട്ട്. ‘വാനിറ്റി ഫെയർ’ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിലാണ് ഡച്ച് ചാരസംഘടന കുഷ്‌നറിന്റെ ഫോൺ ചോർത്തി സാമ്പത്തിക ഇടപാട് വിവരങ്ങൾ പുറത്തു കൊണ്ടുവന്നതായി അവകാശപ്പെടുന്നത്. എന്നാൽ ആരോപണങ്ങൾ തീർത്തും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കുഷ്‌നർ പ്രതികരിച്ചു.

ട്രംപിന്റെ ആദ്യ ഭരണകാലത്ത് കുഷ്‌നറിന്റെ ഐഫോൺ നിരീക്ഷിച്ച ഡച്ച് ഏജന്റുമാർ, യു.എ.ഇ അടിസ്ഥാനമാക്കിയുള്ള ബാങ്ക് അക്കൗണ്ട് ഇയാൾ പരിശോധിക്കുന്നതായി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അസർബൈജാനിലെ ഒരു ബാങ്കിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളറാണ് അക്കൗണ്ടിലേക്ക് എത്തിയത്. യു.എ.ഇ സർക്കാരിന്റെ ഫണ്ടിൽ പ്രവർത്തിക്കുന്ന വതനി അൽ ഇമാറത്ത് ഫൗണ്ടേഷന്റെ ഫസ്റ്റ് അബുദാബി ബാങ്കിലെ അക്കൗണ്ടിലേക്ക് ഏകദേശം 750 ദശലക്ഷം ഡോളർ കൈമാറ്റം ചെയ്യപ്പെട്ടു. ഈ അക്കൗണ്ടിന്റെ ഉടമ കുഷ്‌നർ അല്ലെങ്കിലും പണം പിൻവലിക്കാനും കൈകാര്യം ചെയ്യാനുമുള്ള അനുമതി ഇയാൾക്കുണ്ടായിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെ വിദേശനയങ്ങളെ സ്വാധീനിക്കാൻ സ്വകാര്യ ഫണ്ട് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ ഭരണാധികാരി മുഹമ്മദ് ബിൻ സായെദും സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ആരോപിക്കപ്പെടുന്നു. പദ്ധതി പിന്നീട് പരാജയപ്പെട്ടെങ്കിലും, രണ്ടു മധ്യപൂർവേഷ്യൻ രാജകുടുംബങ്ങളും ചേർന്ന് കുറഞ്ഞത് 2 ശതകോടി ഡോളർ കുഷ്‌നറുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button