Uncategorized

ഊട്ടിയിലും കൊടൈക്കനാലിലും കനത്ത മഴ; മരംവീണ് ബസ് ഡ്രൈവർ മരിച്ചു; യാത്രാവിലക്ക് ഏർപ്പെടുത്തി

ഊട്ടി : കൊടൈക്കനാൽ: ഊട്ടിയിലും കൊടൈക്കനാലിലും പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. മേട്ടുപ്പാളയം-ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയം-കോത്തഗിരി സംസ്ഥാനപാതയിലും വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ബർലിയാറിൽ രാത്രി സർവീസ് നടത്തുTതിനിടെ സർക്കാർ ബസിന് മുകളിലേക്ക് മണ്ണും പാറയും വീണ് ഡ്രൈവർ മരിച്ചു. ഊട്ടി ബെട്ടട്ടി സ്വദേശി കനകരാജ് (50) ആണ് മരിച്ചത്.

നീലഗിരി ജില്ലയിലും താഴ്‌വാരമായ മേട്ടുപ്പാളയത്തിലും രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്. കൂനൂർ റോഡിൽ 14 ഇടങ്ങളിലും കോത്തഗിരി റോഡിൽ മൂന്നിടങ്ങളിലുമാണ് മണ്ണിടിച്ചിലുണ്ടായിട്ടുള്ളത്. പാലാ ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ അടക്കമുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങളും രാത്രിയോടെ വഴിയിൽ കുടുങ്ങിയിരുന്നു. പിന്നീട് പോലീസിന്റെ നേതൃത്വത്തിൽ ഇവരെ സുരക്ഷിതരായി മേട്ടുപ്പാളയത്തിലേക്ക് മാറ്റി.

അപകടസാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങൾ പോലീസ് അടച്ചു. മേട്ടുപ്പാളയത്തിൽ വെച്ച് ഊട്ടി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും തടഞ്ഞിരിക്കുകയാണ്. ഊട്ടിയിലേക്കുള്ള സർക്കാർ ബസ് സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. കോയമ്പത്തൂർ മേഖലാ ഐ.ജി. രമ്യ ഭാരതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജെ.സി.ബി. ഉപയോഗിച്ച് മണ്ണും പാറകളും നീക്കം ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്.

കൊടൈക്കനാലിലും കനത്ത മണ്ണിടിച്ചിൽ

കൊടൈക്കനാൽ സെമ്പകനൂർ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ രണ്ട് വൈദ്യുതി തൂണുകൾ തകർന്നു വീണു. റോഡുകളിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. സുരക്ഷ മുൻനിർത്തി കൊടൈക്കനാലിലേക്കുള്ള വാഹന ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും സർക്കാർ കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button