Uncategorized
കണ്ണൂർ നാടാൽ ദേശീയപാതയിലെ അപകടം: വ്ലോഗർ ഷബീർ താണയും ഒടുവിൽ മരണത്തിന് കീഴടങ്ങി;

കണ്ണൂർ: നാടാൽ ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബീർ താണ അന്തരിച്ചു. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ചാലാട് സ്വദേശി ശിവത്തിൽ അനൂപ് നേരത്തെ മരണപ്പെട്ടിരുന്നു.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാർ ഇടിച്ചുകയറിയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷബീർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് വിടവാങ്ങിയത്. ഷബീറിന്റെ ഉയർന്ന ചികിത്സാച്ചെലവിനായി നാട്ടുകാരും സുഹൃത്തുക്കളും കൈകോർത്ത് സഹായം അഭ്യർത്ഥിച്ചു വരുന്നതിനിടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയുള്ള ഈ വിയോഗവാർത്ത എത്തുന്നത്




