ലോകം കാത്തിരുന്ന വാർത്ത; അമേരിക്കയുടെ നിരന്തര ഇടപെടൽ ഫലം കണ്ടു; സമ്മതം അറിയിച്ച് പുടിൻ; യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ച പുനരാരംഭിക്കും

സെൻ്റ് പീറ്റേഴ്‌സ്‌ബർഗ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുനരാരംഭിക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ സമ്മതം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അടുത്ത മാസം ആരംഭിക്കും. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധത്തിന് അവസാനം കാണാനുള്ള ചർച്ചകൾ തുടരാൻ പുടിൻ സമ്മതം അറിയിച്ചത്.
പുടിനും സ്റ്റീവ് വിറ്റ്കോഫും തമ്മിൽ നടന്ന ഒൻപതാമത് ചർച്ചയിലാണ് യുക്രെയ്ൻ യുദ്ധം സംബന്ധിച്ച മധ്യസ്ഥ ചർച്ചകൾക്ക് ധാരണയായത്. ഇതിന് പുറമെ, റഷ്യയിൽ തടവിലാക്കപ്പെട്ടിരുന്ന അമേരിക്കൻ പൗരനും അധ്യാപകനുമായ സ്റ്റീഫൻ ഹബ്ബാർഡിനെ മോചിപ്പിക്കാൻ തീരുമാനിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഏറെ നാളത്തെ ആവശ്യമായിരുന്നു സ്റ്റീഫൻ ഹബ്ബാർഡിൻ്റെ മോചനം. ഇത് സമാധാന ചർച്ചകൾക്ക് മുന്നോടിയായുള്ള റഷ്യയുടെ സൗഹൃദ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.




