നജീബ് കാന്തപുരം എംഎൽഎക്കെതിരെ എഫ്ഐആർ ഇടണമെന്ന് കോടതി, ബാങ്ക് ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയതിൽ നടപടി

മലപ്പുറം: ബാങ്ക് ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മഞ്ചേരി സിജെഎം കോടതി നിർദ്ദേശം നൽകി. മേലാറ്റൂർ പൊലീസിന് ആണ് എഫ്ഐആർ ഇടാൻ കോടതി നിർദേശം നൽകിയത്. അഭിഭാഷക കമ്മിഷണർ കെ.പി. കൃഷ്ണകുമാറിന്റെ പരാതിയിലാണ് കോടതി എഫ്ഐആർ ഇടാൻ പൊലീസിന് നിർദ്ദേശം നൽകിയത്. കോടതി ഉത്തരവിനെ തുടർന്ന് വീട് ജപ്തിക്ക് വന്ന അഭിഭാഷക കമ്മീഷൻ അംഗങ്ങളെ എംഎൽഎ ഭീഷണിപ്പെടുത്തി എന്നാണ് എന്നാണ് കേസ്.
പെരിന്തൽമണ്ണ വേങ്ങൂരിലെ ഒരു വീട്ടിൽ കോടതി ഉത്തരവുപ്രകാരം ജപ്തിനടപടിക്കെത്തിയപ്പോൾ എം.എൽ.എ. മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതെന്നാണ് അഭിഭാഷക കമ്മിഷണർ കോടതിയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ കോടതി മേലാറ്റൂർ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. വീട് ജപ്തിചെയ്താൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം അറിയിച്ചപ്പോൾ പെട്ടെന്നുണ്ടായ വികാരപ്രകടനമാണ് എം.എൽ.എ.യുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
എന്നാൽ എം.എൽ.എ.ക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് നിയമപരമായി അന്വേഷണം നടത്തിയതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും മേലാറ്റൂർ പൊലീസിന്‍റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് പരാതിയിൽ കേസ് രജിസ്റ്റർചെയ്ത് നിയമപ്രകാരം അന്വേഷണം നടത്താൻ മഞ്ചേരി സിജെഎം കോടതി ഉത്തരവിട്ടത്. അതേസമയം നജീബ് കാന്തപുരം സമർപ്പിച്ച മാപ്പപേക്ഷയിൽ വരുന്ന 16ന് കോടതി വിധി പറയും.




