സ്വർണവിലയില്‍ ഇന്ന് അനക്കമില്ല: 4 മാസത്തിനിടെ കേരളത്തില്‍ പവന് കുറഞ്ഞത് 16600 രൂപയോളം

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. പുതിയ നിരക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 14320 രൂപയിലും, ഒരു പവന് 114560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11765 രൂപയും (പവന് 94120 രൂപ), ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്കായി ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 9165 രൂപയുമാണ് (പവന് ഗ്രാമിന് 73320 രൂപ) ഇന്നത്തെ നിരക്ക്. 9 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 5910 രൂപയും പവന് 47280 രൂപയും എന്ന നിരക്കിലാണ് വില്‍പ്പന തുടരുന്നത്.സ്വർണ്ണത്തോടൊപ്പം വെള്ളി വിലയിലും ഇന്ന് വലിയ മാറ്റങ്ങളൊന്നും ദൃശ്യമായിട്ടില്ല ഒരു ഗ്രാം വെള്ളിക്ക് 280 രൂപയും 10 ഗ്രാം വെള്ളിക്ക് 2,800 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.ഈ വർഷം തുടക്കത്തിൽ വലിയ രീതിയിലുള്ള വിലക്കയറ്റമാണ് സ്വർണ്ണ വിപണി നേരിട്ടത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16395 രൂപയും പവന് 131160 രൂപയുമെന്ന നിരക്കാണ് കേരള ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സർവ്വകാല റെക്കോർഡ്. ആ സർവ്വകാല റെക്കോർഡുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ സ്വർണ്ണവിലയിൽ പവന് 16,600 രൂപയോളമുള്ള വലിയൊരു കുറവ് വന്നിട്ടുണ്ട്. ഇത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ആഗോള വിപണിയിലെ സാമ്പത്തിക ചലനങ്ങളും, യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും, അന്താരാഷ്ട്ര തലത്തിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് നിലവിൽ ആഭ്യന്തര വിപണിയിലെ വിലയെ നിയന്ത്രിക്കുന്നത്. എന്നിരുന്നാലും, ഉപഭോക്താക്കൾ ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ഈ അടിസ്ഥാന ബോർഡ് നിരക്കിനൊപ്പം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും കൂടി ചേർത്തായിരിക്കും അന്തിമ ബിൽ തുക നിശ്ചയിക്കുന്നത് എന്നതിനാൽ വിപണി നിരക്കിനേക്കാൾ തുക വ്യത്യാസപ്പെടാം. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വിലയിൽ നേരിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.അതേസമയം, മെയ് മാസത്തില്‍ ആഗോളവിപണിയില്‍ സ്വർണവില ഇടിഞ്ഞപ്പോള്‍ ഇന്ത്യയില്‍ കൂടുന്നതാണ് കണ്ടത്. രാജ്യാന്തര വിപണിയിൽ കോമെക്സ് (Comex) സ്വർണ്ണവില മെയ് മാസത്തിൽ രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു. മാസാവസാനം നേരിയ തിരിച്ചുവരവ് നടത്തിയെങ്കിലും കോമെക്സ് ഗോൾഡ് 1.43 ശതമാനം ഇടിവോടെ 4569.9 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, കോമെക്സ് വെള്ളി 1.8 ശതമാനം നേട്ടത്തോടെ 75.58 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ആഗോള വിപണിയിലെ ഈ ഇടിവ് ഇന്ത്യൻ വിപണിയെ ബാധിച്ചില്ലെന്ന് മാത്രമല്ല, ഇവിടെ സ്വർണ്ണവും വെള്ളിയും മികച്ച പ്രകടനമാണ് നടത്തിയത്. യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതുമാണ് ആഭ്യന്തര വിപണിയില്‍ വില വർധിപ്പിച്ചത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണ്ണത്തിന് മെയ് മാസത്തിൽ 4.3 ശതമാനം നേട്ടമുണ്ടാവുകയും വില 161049 രൂപയായി ഉയരുകയും ചെയ്തു.
ആഭ്യന്തര വിപണിയിലെ വെള്ളി നിരക്കിലും വലിയ മുന്നേറ്റമാണുണ്ടായത്. കിലോഗ്രാമിന് 9.14 ശതമാനം നേട്ടത്തോടെ 267000 രൂപയിലാണ് വെള്ളി വ്യാപാരം അവസാനിപ്പിച്ചത്. കേരള വിപണിയിലേക്ക് നോക്കുകയാണെങ്കില്‍ ഏപ്രില്‍ 30 ന് 111520 രൂപ എന്ന നിരക്കിലായിരുന്ന പവന്‍ വില. എന്നാല്‍ മെയ് 31 ന് മാർക്കറ്റ് അവസാനിക്കുമ്പോള്‍ പവന്‍ വില 115160 രൂപയിലേക്ക് എത്തി.



