Uncategorized

തെറ്റായ ദിശയിലെത്തി ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി, തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഉമ്മയുടെ വേർപാടറിയാതെ മക്കൾ

മലപ്പുറം: അമ്മയുടെ വേര്‍പാടറിയാതെ ആശുപത്രിക്കിടക്കയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ടു കുട്ടികള്‍. അപ്രതീക്ഷിതമായ അപകടത്തില്‍ കുടുംബത്തിന്റെ താങ്ങും തണലുമായ യുവതിയെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ഒരു നാട്. തിരൂര്‍ പൂക്കയില്‍ റോഡില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് താനാളൂര്‍ വലിയപാടം സ്വദേശിനിയും നിറമരുതൂര്‍ പഞ്ചാരമൂല മേലെ വീട്ടില്‍ ഹിഷാമിന്റെ ഭാര്യയുമായ തെസ്‌നി (35) ആണ് അപകടത്തില്‍ മരിച്ചത്. സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടികളായ ഫാത്തിമ ഷെസ (14), ഷെസാന്‍ മുസ്തഫ (8) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കൂട്ടായിതിരൂര്‍ റൂട്ടിലോടുന്ന കല്ലിങ്ങല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴോടെ പൂക്കയില്‍ റോഡിലായിരുന്നു അപകടം. കൂട്ടായിയില്‍നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് എതിര്‍ദിശയിലേക്ക് കയറി തിരൂര്‍ ഭാഗത്തുനിന്ന് ഉണ്യാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങി. സ്‌കൂട്ടറുമായി കുറച്ചുദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. അപ്പോഴും തെസ്‌നി ബസിനടിയിലായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ യുവതിക്ക് സംഭവസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായി.

അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് കുടുംബവും നാട്ടുകാരും ആശങ്കയിലാണ്. അമ്മയുടെ മരണവാര്‍ത്ത പോലും അറിയാതെ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ അവസ്ഥ ബന്ധുക്കളെയും നാട്ടുകാരെയും ഏറെ വേദനിപ്പിക്കുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടിപ്പോയതായാണ് വിവരം. സംഭവത്തില്‍ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഡ്രൈവറെ കണ്ടെത്തുന്നതിനും അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കുന്നതിനുമായി പൊലീസ് അന്വേഷണം ആരംഭിച്ചു. റോങ് സൈഡിലേക്ക് ബസ് കയറിയ സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ പരിശോധിക്കും.മരിച്ച തെസ്‌നിയുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിരൂര്‍ പൊലീസ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button