എസ്‌ഐആറിലെ ക്രമക്കേട്; പഞ്ചാബിലെ വോട്ടർപട്ടികയിൽ ഭഗത് സിംഗും

പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ ഭഗത് സിംഗിൻ്റെ ചിത്രവും. ലുധിയാന ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലാണ് സംഭവം. വോട്ടർ പട്ടികയുടെ ഭാഗം 38-ൽ സീരിയൽ നമ്പർ 422ലാണ് ഭഗത് സിംഗിന്റെ ഫോട്ടോ പതിച്ചുള്ള വോട്ടറുള്ളത്. മുൻപത്തെ വോട്ടർപട്ടികയിൽ തെറ്റായ ഫോട്ടോ ഉണ്ടായിരുന്നുവെന്നും 2026 ഓഗസ്റ്റ് 13ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമാണ് തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞത്. ശരിയായ ഫോട്ടോ ഉൾപ്പെടുത്തിയ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ന്യായീകരിച്ചു.
എസ്‌ഐആറിനു ശേഷം പഞ്ചാബിൽ മാത്രം ആയിരക്കണക്കിന് വോട്ടർമാരെയാണ് ഒഴിവാക്കിയത്. രാജ്യത്താകെ എസ്‌ഐആർ നടപടികളിലൂടെ 13 കോടിയോളം വോട്ടർമാരെയാണ് ഒഴിവാക്കിയത്. എന്നാൽ മരിച്ച ആളുകൾ പോലും വോട്ടർപട്ടികയിലുള്ള ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. പൂർണമായും ബിജെപി അനുകൂല വോട്ടർപട്ടിക ക്രമക്കേടാണ് എസ്‌ഐആറിലൂടെ രാജ്യത്തൊട്ടാകെ നടന്നത്.
നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാരെ ക്രൂരമായാണ് പൊലീസും കേന്ദ്രസേനയും നേരിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് സിറ്റിസൺസ് മാർച്ച് സംഘടിപ്പിക്കും.




