ഹൂതി ആക്രമണ ഭീഷണി: സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി എംബസി,വിവിധ വിമാനസര്‍വീസുകള്‍ റദ്ദാക്കി

റിയാദ്: സൗദി അറേബ്യയില്‍ നിലനില്‍ക്കുന്ന ഹൂതി ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. വീടിനുള്ളില്‍ തുടരാനാണ് നിര്‍ദേശം. സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും എംബസിയുടെ നിര്‍ദേശമുണ്ട്.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ റിയാദിലേക്കുള്ള സര്‍വീസുകള്‍ വിവിധ വിമാനക്കമ്പനികള്‍ റദ്ദാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ആകാശ് എയര്‍ തുടങ്ങിയ വിമാനക്കമ്പനികളാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. എയര്‍ ഇന്ത്യ ശനിയാഴ്ച വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കിയിരുന്നു. യാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു.




