അമല ആശുപത്രിയിലെ UNA സമരം: മാനേജ്‌മെന്റുമായി യാതൊരു ധാരണയും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ

തൃശൂർ: അമല ആശുപത്രിയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) പ്രവർത്തകർ നടത്തിയ സമരത്തിന് പിന്നാലെ പ്രതികരണവുമായി ആശുപത്രി അധികൃതർ. സമരക്കാരും മാനേജ്‌മെൻറുമായി യാതൊരു ധാരണയും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. സമരം ഏകദേശം 30 മണിക്കൂറിന് ശേഷം അവസാനിച്ചതായും എന്നാൽ സമരത്തിനിടെ ആശുപത്രി മാനേജ്‌മെന്റുമെന്റും UNA നേതൃത്വവും തമ്മിൽ യാതൊരു ഒത്തുതീർപ്പും ഉണ്ടായിട്ടില്ല എന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സമരം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് പുതിയ വാഗ്ദാനങ്ങളോ തീരുമാനങ്ങളോ എടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികളും കോടതി ഉത്തരവിന്റെ തുടർനടപടികളും ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിലാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
2026 ജൂലൈ 16ന് രാവിലെ 10 മണിയോടെ 300ൽ അധികം UNA പ്രവർത്തകർ കൂട്ടമായെത്തി ആശുപത്രി ഉപരോധിക്കുകയായിരുന്നു. ആശുപതിയുടെ ദൈനംദിന പ്രവർത്തനങ്ങളും രോഗീപരിചരണ സേവനങ്ങളും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്ന് പേരാമംഗലം പൊലീസ് സ്റ്റേഷനിൽ ആശുപത്രി അധികൃതർ പരാതി നൽകി. ഒപ്പം രോഗികൾക്കും ജീവനക്കാർക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ച് അടിയന്തര പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജിയും സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി ആവശ്യമായ പൊലീസ് സഹായം നൽകാൻ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിന്റെ വിവരം തൃശൂർ ജില്ലാ കളക്ടർ ജില്ലാ ലേബർ ഓഫീസർ, പേരാമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ, മറ്റ് ജില്ലാ പൊലീസ് ഉദ്യോഗസ്ഥർ, UNA ഭാരവാഹികൾ എന്നിവരെ അറിയിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കോടതി ഉത്തരവിനെക്കുറിച്ച് അറിവ് ലഭിച്ച ശേഷവും ജൂലൈ 17ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ UNA പ്രവർത്തകർ ഉപരോധം തുടർന്നുവെന്നാണ് മനേജ്മെന്റിന്റെ വിശദീകരണം. 2026 ജൂലൈ 16ന് രാവിലെ ആരംഭിച്ച പ്രതിഷേധം ജൂലൈ 17ന് ഉച്ചതിരിഞ്ഞ് അവസാനിച്ചതോടെ ഏകദേശം 30 മണിക്കൂർ നീണ്ടുനിന്ന ആശുപത്രി ഉപരോധമാണ് അവസാനിച്ചത്.



