സൗദി വിമാനത്താവളങ്ങളിൽ ഉണ്ടായ ആക്രമണം; മരിച്ചത് മൊറോക്കോ, അൾജീരിയ, സുഡാൻ സ്വദേശികൾ

സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് നടന്ന ക്രൂരമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് മൊറോക്കോ, അൾജീരിയ, സുഡാൻ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നടന്ന വെവ്വേറെ ആക്രമണങ്ങളിലായി മൂന്ന് പേരാണ് മരിച്ചത്. സംഭവത്തിൽ സൗദി പൗരന്മാരും വിവിധ രാജ്യക്കാരായ പ്രവാസികളും ഉൾപ്പെടെ 36 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് (GACA) ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടത്.
ചൊവ്വാഴ്ച അബ്ഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് വിദേശ വനിതകൾ കൊല്ലപ്പെട്ടത്. ഇവിടെ നടന്ന സ്ഫോടനത്തിൽ സൗദി പൗരന്മാർക്കും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പ്രവാസികൾക്കുമടക്കം 28 പേർക്ക് പരിക്കേറ്റു. തുടർന്ന് ബുധനാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് സുഡാൻ സ്വദേശി കൊല്ലപ്പെട്ടത്. ഇവിടെ അഞ്ച് സൗദി പൗരന്മാർ, രണ്ട് ഈജിപ്ഷ്യൻ സ്വദേശികൾ, ഒരു പാകിസ്താൻ സ്വദേശി എന്നിങ്ങനെ എട്ടു പേർക്ക് പരിക്കേറ്റു.
പരിക്കേറ്റ എല്ലാവരെയും അടിയന്തര റസ്ക്യൂ ടീമുകൾ ഉടൻ തന്നെ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. ആക്രമണത്തിൽ വിമാനത്താവള കെട്ടിടങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി യാത്രക്കാരുടെ സുരക്ഷിതത്വവും വിമാനത്താവളങ്ങളുടെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണ്.




