മത്സ്യത്തൊഴിലാളികളോട് മുഖം തിരിച്ചു സർക്കാർ; പതിനായിരങ്ങളുടെ ക്ഷേമപെൻഷൻ മുടങ്ങി

തീരദേശത്തെ വറുതിയിലാക്കി സംസ്ഥാനത്ത് പതിനാറായിരത്തിലധികം മത്സ്യത്തൊഴിലാളികളുടെ ക്ഷേമപെൻഷൻ മുടങ്ങി. മസ്റ്ററിങ്ങും ആധാർ വെരിഫിക്കേഷനും നടക്കാത്തതാണ് കാരണം. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടർന്ന് ഫിഷറീസ് ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റിയതും പെൻഷൻ തടസപ്പെടാൻ കാരണമായിട്ടുണ്ട്.
സംസ്ഥാനത്തെ 78,292 ഗുണഭോക്താക്കളിൽ പകുതി മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് നിലവിൽ പെൻഷൻ കിട്ടിയത്. കഴിഞ്ഞ സെപ്തംബർ മാസത്തെ വിധവാ പെൻഷനും അനുവദിച്ചിട്ടില്ല. മസ്റ്ററിങ് നടത്താൻ ഓഫീസുകളിൽ ജീവനക്കാരില്ലാത്തതാണ് പ്രധാന തടസം. തിരുവനന്തപുരം, കൊല്ലം മേഖലാ ഓഫീസിൽ ഏഴ് തസ്തികകളിൽ അഞ്ചെണ്ണവും കാലിയാണ്. കണ്ണൂർ, കാസർഗോഡ് മേഖലകളിൽ ഒരു ജീവനക്കാരൻ മാത്രമാണുള്ളത്.
സഹകരണ ബാങ്കുകൾ വഴി വീടുകളിൽ എത്തിച്ചിരുന്ന പെൻഷൻ നിർത്തിയതിനു പിന്നാലെ, മസ്റ്ററിങ്ങിന്റെ പേരിൽ മറ്റു പെൻഷനുകളും തടയുന്നത് സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കുകയാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു.




