പ്രതിപക്ഷ എംപിമാർ ജന്തർ മന്തറിലേക്ക്, സമരത്തിൽ നിന്ന് പിന്നോട്ടില്ല; പ്രതിഷേധച്ചൂടിൽ ഡൽഹി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവുമായി ഇൻഡ്യ സഖ്യ എംപിമാർ ജന്തർ മന്തറിൽ പ്രതിഷേധിക്കും. മൂന്ന് ബസുകളിലായി എംപിമാർ ജന്തർ മന്തറിലേക്ക് നീങ്ങുകയാണ്. അതേസമയം, പ്രതിഷേധം തടയാനുള്ള നീക്കത്തിലാണ് ഡൽഹി പൊലീസ്. വൻ തോതിൽ പൊലീസിനെ നിയോഗിച്ചിരിക്കുകയാണ്.ഡൽഹി കൊണാട്ട് പ്ലേസിലെ സാഗർ രത്ന ഹോട്ടലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എംപിമാരുടെ ഉച്ചഭക്ഷണ യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംപിമാർ വിവിധ സംഘങ്ങളായി പ്രതിഷേധത്തിന് പുറപ്പെട്ടത്. എന്തുവന്നാലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷ എംപിമാരുടെ നിലപാട്.നേതാക്കൾക്ക് പിന്തുണയുമായി വൻതോതിൽ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രകടനം നടത്തിയാൽ എംപിമാരെ കസ്റ്റഡിയിലെടുത്ത് നീക്കാനാണ് ഡൽഹി പൊലീസിന്റെ നീക്കം. വഴികളെല്ലാം അടച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.
ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ പ്രതിപക്ഷം സമയം തേടിയതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ ഇൻഡ്യ സഖ്യ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.




