ഫിസിക്കൽ ടെസ്റ്റിനിടെ ദേഹാസ്വാസ്ഥ്യം; യുപിയിൽ കുഴഞ്ഞുവീണ രണ്ട് പൊലീസ് ഉദ്യോഗാർഥികൾ മരിച്ചു

ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിന്റെ ഭാഗമായുള്ള ഫിസിക്കൽ ടെസ്റ്റിനിടയിൽ കുഴഞ്ഞുവീണ രണ്ട് ഉദ്യോഗാർഥികളും മരിച്ചു. ഒക്ടോബർ 3 മുതൽ ഗോവിന്ദ്പുരിലെ 47-ാം ബറ്റാലിയൻ പി എ സി ഗ്രൗണ്ടിൽ നടന്നുവരുന്ന കായികക്ഷമതാ പരിശോധനയ്ക്കിടയിലാണ് സംഭവം.ചൊവ്വാഴ്ച രാവിലെ ഫിസിക്കൽ ടെസ്റ്റിനിടയിൽ ഓടുന്നതിനിടെയാണ് ഷാംലി സ്വദേശിയായ വിവേക് കുമാർ (23) കുഴഞ്ഞുവീഴണത്. സഞ്ജയ് നഗറിലെ ജോയിന്റ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതിന് തലേദിവസം മഥുരയിൽ നിന്നുള്ള അതുൽ കുമാർ (27) ഓട്ടത്തിനിടയിൽ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.മരണകാരണം ഹൃദയാഘാതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. റിക്രൂട്ട്മെന്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ഫിസിക്കൽ ടെസ്റ്റിനെത്തിയവരാണ് ഇരുവരും. പുരുഷ ഉദ്യോഗാർഥികൾ 24 മിനിറ്റിനുള്ളിൽ 4.8 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണമെന്നാണ് ചട്ടം. രാവിലെ അഞ്ചു മണിയോടെ ആരംഭിക്കുന്ന പരിശോധനയിൽ നൂറുകണക്കിന് ഉദ്യോഗാർഥികളാണ് പങ്കെടുക്കുന്നത്.



