Uncategorized

“മാഡ്രിഡിലേക്ക് വരൂ, നമുക്കൊരു ദിവസം ഒരുമിച്ച് ചെലവഴിക്കാം”; യുദ്ധത്തിൽ കാലുകൾ നഷ്ടപ്പെട്ട സുഡാൻ ബാലന് വിനീഷ്യസിന്റെ സ്നേഹക്ഷണം​

ആഭ്യന്തരയുദ്ധത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട സുഡാൻ ബാലന് അപ്രതീക്ഷിത സർപ്രൈസുമായി റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ. നീണ്ട ചികിത്സയ്ക്കും പരിശീലനത്തിനും ശേഷം കൃത്രിമക്കാലുകളിൽ വീണ്ടും നടന്നുതുടങ്ങിയ 13 കാരാനായ സാഹിറിനെ മാഡ്രിഡിന്റെ മത്സരം കാണാൻ ക്ഷണിച്ചുകൊണ്ടുള്ള വിനീഷ്യസിന്റെ വീഡിയോ സന്ദേശമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

​ “സാഹിർ, മർഹബ (നമസ്കാരം)” എന്ന് അറബിയിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് ബ്രസീലിയൻ താരം സംസാരിച്ചു തുടങ്ങിയത്. “നിന്റെ പോരാട്ടത്തെക്കുറിച്ച് ഞാൻ അറിഞ്ഞു. കഠിനാധ്വാനിയായ ഒരു കറുത്തവർഗ്ഗക്കാരനാണ് നീ. പുതിയ കൃത്രിമക്കാലുകളുമായി നീ വീണ്ടും ഫുട്ബോൾ കളിക്കാനും സന്തോഷത്തോടെ ജീവിക്കാനും ഞാൻ ആശംസിക്കുന്നു. മാഡ്രിഡിന്റെ മത്സരം കാണാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണ്, നമുക്കൊരു ദിവസം ഒരുമിച്ച് ചെലവഴിക്കാം,” വിനീഷ്യസ് വീഡിയോയിൽ പറഞ്ഞു.

സന്ദേശം കേട്ട് ആവേശഭരിതനായ സാഹിർ തന്റെ പുതിയ വിനീഷ്യസ് ജൂനിയർ ജേഴ്സി അണിഞ്ഞാണ് പിന്നീട് ക്യാമറയ്ക്ക് മുന്നിലെത്തിയത്. വിസ ലഭിച്ച് എന്നെങ്കിലും മാഡ്രിഡിൽ പോകാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുമിടുക്കൻ.

​2024-ൽ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും (ആർ.എസ്.എഫ്) തമ്മിലുള്ള ഏറ്റുമുട്ടലിനിടെയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് സാഹിറിന് കാലുകൾ നഷ്ടമായത്. പട്ടിണി മാറ്റാൻ അമ്മ ഹബീബയ്ക്കൊപ്പം തെരുവിൽ പയർവർഗ്ഗങ്ങൾ വിൽക്കുന്നതിനിടെയായിരുന്നു ദുരന്തം. കാലുകൾ നഷ്ടപ്പെട്ടതോടെ മുട്ടിലിഴഞ്ഞാണ് സാഹിർ ഫുട്ബോൾ കളിച്ചിരുന്നത്. ഈ വാർത്ത പിന്നെ ലോകശ്രദ്ധ ആകർഷിച്ചതോടെ സാഹിറിൻ്റെയും അമ്മയുടെയും ചികിത്സയ്ക്കായി ഓൺലൈൻ ക്യാമ്പയിനിലൂടെ 45,000 പൗണ്ട് (ഏകദേശം 48 ലക്ഷം രൂപ) സമാഹരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button