“എനിക്ക് പെണ്ണാവണം, ലിംഗമാറ്റം വേണം’; മകന്റെ ആവശ്യം നിരസിച്ചു, അമ്മയെ കൊലപ്പെടുത്തി
തനിക്ക് ലിംഗമാറ്റം വേണമെന്ന ആവശ്യം നിരസിച്ച അമ്മയെ കൊലപ്പെടുത്തി മകൻ. ലഖ്നൗവിലാണ് സംഭവം. 42കാരിയായ അമ്മയെ കൊലപ്പെടുത്തിയ 17കാരനായ മകനെതിരെ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 103 പ്രകാരം പൊലീസ് കേസെടുത്തു.
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇതിനായി ആയുധവും കുരുമുളക് സ്പ്രേയും പ്രതി കരുതിയിരുന്നതായും പൊലീസ് കണ്ടെത്തി.നാകാ ഹിന്ദോള സ്‌റ്റേഷൻ പരിധിയിലെ രാജേന്ദ്ര നഗർ ക്രോസിങ്ങിനു സമീപമാണ് നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. കൊല നടത്തിയ ശേഷം പിതാവിനേയും പൊലീസിനേയും വിവരം അറിയിച്ചതും 17കാരൻ തന്നെയാണ്. ഉടൻ തന്നെ പൊലീസ് സ്‌ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ദമ്പതികളുട ഏകമകനാണ് പ്രതി.തനിക്ക് പെണ്ണായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനായി ലിംഗമാറ്റം നടത്തണമെന്നും ആവശ്യം ഉന്നയിച്ചപ്പോൾ മാതാപിതാക്കൾ അനുവദിച്ചില്ലെന്നും പ്രതി പൊലീസിനു മൊഴി നൽകി. ഇതിൻ്റെ പേരിൽ കുടുംബത്തിൽ നിരന്തരം തർക്കമുണ്ടായിരുന്നതായും മൊഴിയിൽ പറയുന്നുണ്ട്. ലിംഗമാറ്റത്തിനു പകരം ഡോക്‌ടറെ സമീപിക്കാനും കൗൺസിലിങ് തേടാനും അമ്മ ഉപദേശിച്ചതോടെയാണ് ക്രൂരകൊലപാതകം നടത്താൻ 17കാരൻ തീരുമാനിച്ചത്.
പത്താം വയസുമുതൽ തന്നെ പെൺകുട്ടികളുടെ വസ്ത്രത്തോടും ജീവിതരീതിയോടുമാണ് പ്രതിക്ക് താൽപര്യമുണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. വർഷങ്ങളായി വലിയ മാനസിക സംഘർഷത്തിലൂടെയാണ് 17കാരൻ കടന്നുപോയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ നാലുമാസത്തോളമായി മാതാപിതാക്കളിൽ നിന്നും അകന്നാണ് പ്രതി കഴിഞ്ഞിരുന്നത്. വിവിധ ആശുപത്രികളിൽ മകനുവേണ്ടി മാനസികാരോഗ്യ ചികിത്സ നടത്തിയിരുന്നതായി പിതാവ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വെസ്‌റ്റ് സോൺ ഡിസിപി ജിതേന്ദ്ര ശ്രീവാസ്തവ പറഞ്ഞു.




