ഓൺലൈൻ ഗെയിമിൽ ₹4 ലക്ഷം നഷ്ടമായി; കടം വീട്ടാൻ കുടുംബത്തെ കൊന്ന് കവർച്ച

ഓൺലൈൻ ഗെയിമിൽ നഷ്ടമായ 4 ലക്ഷം രൂപയ്ക്കായി നടത്തിയ കവർച്ച കലാശിച്ചത് കൂട്ടക്കൊലയിൽ. അസമിലെ ദിബ്രുഗഢിൽ ആണ് സംഭവം. ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കെയർ ടേക്കറെയും കൂട്ടാളിയെയും പൊലീസ് പിടികൂടി.
ദുലിയാജാനിലെ കമലാബാരിയിൽ താമസിക്കുന്ന രാജു ദാസ് (30), ഇയാളുടെ കൂട്ടാളി ആമിർ ദാസ് എന്നിവരാണ് അറസ്റ്റിലായത്. ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ കടം വീട്ടാനാണ് ഇവർ കവർച്ചയും കൊലപാതകവും ആസൂത്രണം ചെയ്തതെന്ന് അസം പൊലീസ് അറിയിച്ചു.
ഓയിൽ ഇന്ത്യ ലിമിറ്റഡിലെ വിരമിച്ച ഉദ്യോഗസ്ഥനായ ചന്ദ്രകാന്ത ഭൂയാൻ, ഭാര്യ എലിസ ഭൂയാൻ, ഇവരുടെ മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവിൽ നിന്ന് കടം വാങ്ങിയ 4 ലക്ഷം രൂപ വെച്ചാണ് രാജു ദാസ് ഓൺലൈൻ ഗെയിമുകൾ കളിച്ചത്. ഒടുക്കം പണം നഷ്ടമായി. ഈ കടം വീട്ടുന്നതിനായാണ് രാജുവും ആമിറും ചേർന്ന് കവർച്ചയ്ക്ക് ആസൂത്രണം ചെയ്തത്.
സംഭവ ദിവസം ചന്ദ്രകാന്ത ഭൂയാന്റെ വീട്ടിലെത്തിയ പ്രതികൾ ഇരുമ്പ് വടിയും ചുറ്റികയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആദ്യം എലിസ ഭൂയാനെയും തുടർന്ന് മകളെയും കൊലപ്പെടുത്തി. ഒടുക്കം ചന്ദ്രകാന്ത ഭൂയാനെയും കൊലപ്പെടുത്തുകയായിരുന്നു. രാവിലെ 8:30 ഓടെ വീട്ടിനുള്ളിൽ കടന്ന പ്രതികൾ ഉച്ചയ്ക്ക് 12:15 ആകുമ്പോഴേക്കും കൃത്യം നടത്തി കടന്നുകളഞ്ഞു.
വീട്ടിനുള്ളിൽ നിന്ന് 15,000ത്തോളം രൂപയും, 2.5 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഇവർ കവർന്നു. മൂന്ന് മൊബൈൽ ഫോണുകളും മോഷ്ടിച്ചു. കൊലപാതകത്തിന് ശേഷം ഗുവാഹത്തി വഴി ബെംഗളൂരുവിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ ശിബ്സാഗറിലെ സിമലുഗുരി റെയിൽവേ സ്റ്റേഷനിൽ വച്ച് അവധ് അസം എക്സ്പ്രസ് ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.




