Uncategorized

94 ലക്ഷം രൂപയുടെ ആഡംബര വാച്ചുമായി എത്തി; ഡൽഹിയിൽ യാത്രക്കാരൻ അറസ്റ്റിൽ

94 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര വാച്ചുമായി ഡൽഹിയിലെത്തിയ യാത്രക്കാരനെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. നവംബർ 11-ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ‘പാറ്റെക് ഫിലിപ്പ് ആക്വാനട്ട്’ മോഡൽ വാച്ച് പിടിച്ചെടുത്തത്. ഡൽഹി കസ്റ്റംസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദുബായിൽനിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ ടെർമിനൽ 3-ലെത്തിയ ഇന്ത്യൻ യാത്രക്കാരനിൽ നിന്നാണ് വാച്ച് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രീൻ ചാനലിൽ വെച്ച് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് വാച്ച് പിടികൂടിയത്. മെറ്റൽ ഡിറ്റക്ടർ വഴി കടന്നുപോകുമ്പോൾ അലാറം മുഴങ്ങിയതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വാച്ച് കണ്ടെത്തിയത്. യാത്രക്കാരൻ വാച്ച് കൈയിൽ ധരിച്ചിരുന്നോ അതോ ലഗേജിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നോ എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാരന്റെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

പിടിച്ചെടുത്തത് ഉപയോഗിച്ച യഥാർഥ പാറ്റെക് ഫിലിപ്പ് വാച്ചാണെന്ന് സ്ഥിരീകരിക്കുകയും ഇതിന് 94 ലക്ഷം രൂപ മൂല്യം നിർണയിക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റംസ് നിയമത്തിലെ 110-ാം വകുപ്പ് പ്രകാരം വാച്ച് പിടിച്ചെടുക്കുകയും 104-ാം വകുപ്പ് പ്രകാരം യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്തുന്നതോ കണ്ടുകെട്ടാൻ സാധ്യതയുള്ളതോ ആയ വസ്തുക്കൾ പിടിച്ചെടുക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതാണ് 110-ാം വകുപ്പ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

പാറ്റെക് ഫിലിപ്പ്

സ്വിറ്റ്സർലൻഡിലെ പ്രമുഖ ആഡംബര വാച്ച് നിർമാതാക്കളിലൊന്നാണ് പാറ്റെക് ഫിലിപ്പ്. ലോകത്തിലെ ഏറ്റവും മികച്ച വാച്ച് ബ്രാൻഡുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ കമ്പനി, ജനീവയിൽ തുടർച്ചയായി പ്രവർത്തിക്കുന്ന ഏറ്റവും പഴക്കമുള്ള വാച്ച് നിർമാണ കമ്പനിയാണ്. പാറ്റെക് ഫിലിപ്പിന്റെ ആക്വാനട്ട് മോഡൽ വാച്ചുകൾക്ക് ഏകദേശം 42 ലക്ഷം മുതൽ 1.25 കോടിയിലധികം രൂപ വരെ വിപണിയിൽ വിലയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button