ദില്ലി ചലോ മാർച്ച്: എം എ ബേബി അറസ്റ്റിൽ, പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള, ആയിരങ്ങൾ അണിനിരന്ന ഡിവൈഎഫ്ഐയുടെ ദില്ലി ചലോ മാർച്ച് ശക്തമായി മുന്നേറുന്നു. ഭരണഘടന ഉയർത്തി കൊണ്ടായിരുന്നു പ്രതിഷേധം. യുവജനങ്ങൾക്കൊപ്പം മുതിർന്ന ഇടതുനേതാക്കളും സമരത്തിന്റെ ഭാഗമായി. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.കൂറ്റൻ റാലിയായാണ് ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവർത്തകരും ഒപ്പം ഇടതുനേതാക്കളും എത്തിയത്. രാജ്യതലസ്ഥാനം യുവജനരോഷം കൊണ്ട് ആളിക്കത്തി. സമരകലുഷിതമായി ദില്ലി മാറിയപ്പോൾ പൊലീസ് പ്രതിഷേധത്തെ അടിച്ചമർത്താനാണ് നോക്കുന്നത്. എന്നാൽ പൊലീസിനും കേന്ദ്രസർക്കാരിനും മുന്നിൽ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനത്തോടെ പ്രതിഷേധം തുടരുകയാണ് ഡീവൈഎഫ്ഐയും എസ്എഫ്ഐയും.അതേസമയം ജന്തർ മന്തറിൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ, എ എ റഹീം എം പി, മുതിർന്ന സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്, ഡിവൈഎഫ്ഐ അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജൂഖാൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. പൊലീസ് വാഹനത്തിലും ഭരണഘടന ഉയർത്തി പിടിച്ചുകൊണ്ട് എ എ റഹീം എം പി പ്രതിഷേധിച്ചു. എം വിജിനെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. അദ്ദേഹത്തിന്റെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.




