ആറളത്ത് ഭീതി വിതച്ച ‘കണ്ണൂർ മഖ്ന’ ഒടുവിൽ പിടിയിൽ; കുങ്കിയാനകളുടെ സഹായത്തോടെ ആംബുലൻസിലേക്ക് മാറ്റി

ഇരിട്ടി∙ ആറളം ഫാമിലും പുനരധിവാസ മേഖലയിലും വർഷങ്ങളായി ഭീതി സൃഷ്ടിക്കുന്ന ‘കണ്ണൂർ മഖ്ന’ എന്ന മോഴയാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ‘ഓപ്പറേഷൻ കെഎം-1’ ദൗത്യം വിജയകരമായി പൂർത്തിയായി. ഇന്നലെ ആരംഭിച്ച ദൗത്യം രണ്ടാം ദിവസമാണ് ലക്ഷ്യം കണ്ടത്. ആനയ്ക്കൊപ്പം മറ്റ് കാട്ടാനകളുടെ സാന്നിധ്യവും അനുകൂലമല്ലാത്ത സാഹചര്യങ്ങളും കാരണം ആദ്യദിനം മയക്കുവെടി വെക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് ആറളം ഫാം പതിമൂന്നാം ബ്ലോക്കിൽ നിലയുറപ്പിച്ച മഖ്നയെ ഉച്ചയോടെയാണ് ദൗത്യസംഘം ആദ്യമായി വെടിവച്ചത്. എന്നാൽ മൂന്ന് റൗണ്ട് മയക്കുവെടി വെച്ചിട്ടും ആന പെട്ടെന്ന് മയങ്ങാതെ പ്രകോപനം സൃഷ്ടിച്ചത് ദൗത്യം ഏറെ പ്രതിസന്ധിയിലാക്കി. കനത്ത വെയിലും പിന്നീട് പെയ്ത കനത്ത മഴയും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ദൗത്യസംഘത്തിനും വലിയ വെല്ലുവിളിയാണ് തീർത്തത്. ഇടയ്ക്ക് പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം നീണ്ടുപോകുമെന്ന ആശങ്ക ഉയർന്നെങ്കിലും, പിന്നീട് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ പൂർണ്ണമായും വരുതിയിലാക്കുകയായിരുന്നു. മയക്കുവെടിയേറ്റ ആന നിലയുറപ്പിച്ച സ്ഥലത്തേക്ക് വഴി തെളിച്ച് എലിഫന്റ് ആംബുലൻസ് എത്തിക്കുകയും, മുത്തങ്ങയിൽ നിന്ന് എത്തിച്ച വിക്രം, ഭരത്, ഉണ്ണികൃഷ്ണൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ മഖ്നയെ ആംബുലൻസിൽ കയറ്റുകയും ചെയ്തു. ആനയെ ഇന്നുതന്നെ വയനാട്ടിലേക്ക് കൊണ്ടുപോകും. നിരോധനാജ്ഞയും സുരക്ഷയും:ദൗത്യത്തിന്റെ ഭാഗമായി ആറളം പഞ്ചായത്തിലെ 6, 7 വാർഡുകളിലും ആറളം ഫാമിലെ 7, 9, 10, 13 ബ്ലോക്കുകളിലും ജില്ലാ കലക്ടർ ബിഎൻഎസ് സെക്‌ഷൻ 163(1) പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് പൊതുജനങ്ങൾ ഒത്തുചേരുന്നതിനും കൂട്ടംകൂടി നിൽക്കുന്നതിനും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്




