ജനറൽ ആശുപത്രി വളപ്പിൽ നിന്നും നീക്കിയത് 12 ലോറി മാലിന്യം, നാളെ കണ്ണാശുപത്രി പരിസരത്തും മെഗാ ക്ലീനിംഗിന് തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം: ജനറൽ ആശുപത്രി വളപ്പിൽ നിന്നും 12 ലോറി മാലിന്യവും നാല് ലോറി പാഴ്മരക്കഷണങ്ങളും നീക്കം ചെയ്തതിന് പിന്നാലെ കണ്ണാശുപത്രി പരിസരത്തും മെഗാ ക്ലീനിംഗിന് തിരുവനന്തപുരം നഗരസഭ. തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നേത്ര ചികിത്സാ കേന്ദ്രമായ ഗവണ്‍മെന്‍റ് കണ്ണാശുപത്രി വളപ്പിലെ 6 ഏക്കർ കോമ്പൗണ്ട് കാലങ്ങളായി കാടും പടർപ്പും മാലിന്യക്കൂനകളും നിറഞ്ഞ അവസ്ഥയിലാണ്. ആശുപത്രി ക്കുള്ളിലെത്തുന്നവരെ മാത്രമല്ല, സമീപവാസികളെയും ഇത് ദോഷകരമായി ബാധിക്കുന്നതിനാലാണ് നഗരസഭയുടെ ഇടപെടൽ. കൂടാതെ പ്രദേശം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണെന്നും പരാതിയുണ്ട്. ഇത് കണക്കിലെടുത്ത് ശുചീകരണ യജ്ഞത്തിന് കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു.നാളെ രാവിലെ എട്ടിന് മേയർ വി. വി. രാജേഷ് ഉദ്ഘാടനം ചെയ്യും. പരാതി ഉയർന്നതോടെ നഗരസഭയുടെ 150 ശുചീകരണ തൊഴിലാളികളെയാണ് ജനറൽ ആശുപത്രി മെഗാ ക്ലീനിംഗ് ഡ്രൈവിനായി രംഗത്തിറക്കിയത്. സമാനമായ രീതിയിലായിരിക്കും കണ്ണാശുപത്രിയിലും ശുചീകരണം. പാമ്പുകളുടെ സാന്നിധ്യം കണക്കിലെടുത്ത് വാവ സുരേഷും പരിപാടിയിൽ സംബന്ധിക്കും. ഗവ. ലോ കോളേജ് വിദ്യാർത്ഥികൾ, സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ് എസ് യൂണിറ്റ്, സമീപത്തെ റസിഡൻ്റ്സ് അസോസിയേഷനുകൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും




