Uncategorized

അമിത് ഷായ്ക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്

തിരുവനന്തപുരം: കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആഭ്യന്തര മന്ത്രിയുടെ വാഹനവ്യൂഹം തടസ്സപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര മന്ത്രി എത്തുന്നതിനുമുമ്പ് പ്രതിഷേധക്കാരെ മാറ്റിയെന്നും പൊലീസ് പറഞ്ഞു. അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാറായിരുന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.

കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇതിന് പിന്നാലെ അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ബി ബി ഗോപകുമാര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. വിവിഐപി വാഹനം കടന്നുപോയ വഴിയില്‍ വെറും അന്‍പത് മീറ്റര്‍ മാത്രം അകലെ പ്രതിഷേധക്കാര്‍ക്ക് എത്താന്‍ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയാണ്. പ്രതിഷേധ സംഘത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിവിഐപിയുടെ സുരക്ഷാ വലയത്തിലേക്ക് ജനപ്രതിനിധികള്‍ അടങ്ങുന്ന സംഘത്തിന് എങ്ങനെ പ്രവേശനം ലഭിച്ചു എന്നത് ഗൗരവമായി പരിശോധിക്കണം. ഇതൊരു സാധാരണ പ്രതിഷേധമായി രണ്ട് നിസ്സാരവത്ക്കരിക്കാന്‍ കഴിയില്ല. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ബി ബി ഗോപകുമാര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button