ഇതാണ് ഇപ്പോഴത്തെ ‘കാൻഡിൽ ലൈറ്റ് ഡിന്നർ’! പവർ കട്ടിനെതിരെ തെന്മലയിൽ വേറിട്ട സമരവുമായി ഡിവൈഎഫ്ഐ

കറന്റ് പോയാൽ മെഴുകുതിരി വെളിച്ചം. അത് പ്രതിഷേധമായാൽ ‘കാൻഡിൽ ലൈറ്റ് ഡിന്നർ’! അടിക്കടിയുള്ള വൈദ്യുതി മുടക്കിൽ പ്രതിഷേധിച്ച് കൊല്ലം തെന്മലയിൽ വേറിട്ട സമരവുമായി ഡിവൈഎഫ്ഐ. തെന്മല കെഎസ്ഇബി സെക്ഷൻ ഓഫീസിന് മുന്നിലായിരുന്നു ഡിവൈഎഫ്ഐയുടെ വേറിട്ട പ്രതിഷേധം. ചോറും കറികളും വിളമ്പിയായിരുന്നു ‘കാൻഡിൽ ലൈറ്റ് ഡിന്നർ’ സമരം.
വൈദ്യുതി ഇല്ലെങ്കിൽ മെഴുകുതിരി കത്തിക്കാം. പക്ഷേ, വികസനത്തിന്റെ പേരിൽ ഇരുട്ട് കത്തിക്കാൻ കഴിയില്ലെന്ന് സമരക്കാർ! അടിക്കടിയുള്ള വൈദ്യുതി മുടക്കം വീടുകളെയും വിദ്യാർഥികളുടെ പഠനത്തെയും രോഗികളെയുമടക്കം ബാധിക്കുന്നതായാണ് പരാതി. സമരത്തിന് നാട്ടുകാരുടെയും പിന്തുണ ലഭിച്ചു.
വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്നും അനാസ്ഥ അവസാനിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിലെത്തിയ ശേഷമാണ് പ്രദേശത്തെ വൈദ്യുതി മുടക്കം രൂക്ഷമായതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ്. അഡ്വ. എബി ഷൈൻ, ബിൻസ്മോൻ തെന്മല, മഹേഷ് സുകു, എസ്. ആരോമൽ, അഖിൽ ചന്ദ്രൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.




