അങ്ങാടിക്കടവ് വാണിയപ്പാറ തട്ട് ഉണ്ണി മിശിഹാപ്പള്ളി സെമിത്തേരിയിലെ കല്ലറയിൽ സംശയകരമായ സാഹചര്യത്തിൽ മൃതദേഹം കണ്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

അങ്ങാടിക്കടവ് വാണിയപ്പാറ തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ സംശയകരമായ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടതുമായി ബന്ധപ്പെട്ട് കരിക്കോട്ടക്കരി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് മറ്റൊരു മൃതദേഹം സംസ്കരണവുമായി ബന്ധപ്പെട്ട് കല്ലറ തുറന്നപ്പോൾ സംശയകരമായ രീതിയിൽ മറ്റൊരു മൃതദേഹം കാണുന്നത്. ഇതിനെ തുടർന്ന് പള്ളി അധികൃതർ പോലീസിൽ വിവരം അറിയിച്ചിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് കല്ലറ വീണ്ടും അടച്ചു. സ്ഥലത്തില്ലാതിരുന്ന ഇടവക വികാരി കൂടി എത്തിയ ശേഷം പള്ളിയിലെ മരണ രജിസ്റ്ററുകൾ പരിശോധിച്ചു. വിവാദമായ 38 ആം നമ്പർ കല്ലറയിൽ അടക്കിയത് ആരൊക്കെ എന്നുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കുടുംബ കല്ലറയില്ലാത്ത പള്ളിയിൽ 2019 ന് ശേഷം സെമിത്തേരി നവീകരിച്ചിരുന്നു.നവീകരണത്തിന് ശേഷം കല്ലറയ്ക്ക് പുതിയ ക്രമനമ്പറുകൾ നൽകിയിരുന്നു. അതിൽ പ്രകാരം പഴയ കല്ലറകളിൽ പലതും മാറ്റം സംഭവിച്ചിട്ടുണ്ട്. ഇതോടെ കല്ലറയുടെ നമ്പറിലെ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഇതെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.




