സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വൂചിച്ച് രാജിവച്ചു

സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വൂചിച്ച് രാജിവെച്ചു. വരുന്ന ഒക്ടോബർ 25ന് നടക്കാനിരിക്കുന്ന അടിയന്തര പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് രാജി പ്രഖ്യാപനം. കാലാവധി തികയ്ക്കുന്നതിന് എട്ട് മാസം മാത്രമാണ് ബാക്കിയുള്ളപ്പോഴാണ് രാജി. പാർലമെന്റ് സ്പീക്കറും മുൻ പ്രധാനമന്ത്രിയുമായ അന ബ്രനാബിച്ച് താത്കാലിക പ്രസിഡന്റായി ചുമതലയേറ്റു. മൂന്ന് മാസത്തിനുള്ളിൽ രാജ്യത്ത് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കും.രാജ്യത്ത് നിലവിൽ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. 2024 നവംബറിൽ സെർബിയൻ വടക്കൻ നഗരമായ നോവി സാദിലെ റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര തകർന്നു വീണ് 16 പേർ മരിച്ച സംഭവമാണ് പ്രക്ഷോഭങ്ങളുടെ തുടക്കം. നിർമാണത്തിലെ അഴിമതിയും ഭരണകൂടത്തിന്റെ വീഴ്ചയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് വിദ്യാർഥികൾ തെരുവിലിറങ്ങി.കഴിഞ്ഞ 14 വർഷമായി അലക്‌സാണ്ടർ വൂചിച്ച് നടത്തുന്ന ഏകാധിപത്യപരമായ ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവജനങ്ങൾ ഇന്ന് സമരം ചെയ്യുന്നത്. ഈ പ്രക്ഷോഭം വൂചിച്ചിന്റെ ഭരണത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.




