Uncategorized

ടിവിഎസ് കുടുംബത്തിൽ സ്വത്ത് തർക്കം രൂക്ഷം; ഒത്തുതീർപ്പിൽ എത്തിയിട്ടില്ലെന്ന് മല്ലിക ശ്രീനിവാസൻ; ‘മകന് തുല്യമായ അവകാശം മകൾക്കും വേണം’

ചെന്നൈ: പ്രമുഖ വ്യവസായികളായ ടിവിഎസ് കുടുംബത്തിൽ സ്വത്ത് തർക്കം രൂക്ഷമെന്ന് റിപ്പോർട്ട്. കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് ടിവിഎസ് ചെയർമാൻ എമരിറ്റസ് വേണു ശ്രീനിവാസൻ അവകാശപ്പെട്ടെങ്കിലും തൊട്ടുപിന്നാലെ വേണു ശ്രീനിവാസനെ തള്ളി അദ്ദേഹത്തിന്റെ ഭാര്യ മല്ലിക ശ്രീനിവാസൻ രം​ഗത്തെത്തി. കുടുംബത്തിലെ സാമ്പത്തിക തർക്കത്തിൽ ഒത്തുതീർപ്പിൽ എത്തിയിട്ടില്ലെന്ന് മല്ലിക ശ്രീനിവാസൻ ഒരു ടെലിഫോൺ അഭിമുഖത്തിൽ വ്യക്തമാക്കി. മകൻ സുദർശൻ വേണുവിന് തുല്യമായ സാമ്പത്തിക അവകാശങ്ങൾ മകൾ ലക്ഷ്മി വേണുവിനും നൽകണമെന്നും ട്രാക്ടേഴ്സ് ആൻഡ് ഫാം എക്വിപ്മെന്റ് ലിമിറ്റഡ്(TAFE) മാനേജിങ് ഡയറക്ടറായ മല്ലിക ശ്രീനിവാസൻ പറഞ്ഞു.

കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളിൽ ഒത്തുതീർപ്പിൽ എത്തിയിട്ടില്ല. രണ്ട് മക്കളുടെയും സാമ്പത്തിക അവകാശങ്ങൾ തുല്യമായും നീതിപൂർവമായും പരി​ഗണിക്കപ്പെടുമെന്നാണ് താൻ വിശ്വസിക്കുന്നത്. കുടുംബത്തിലെ ചർച്ചകളിലൂടെ രമ്യതയിലെത്തുന്നതിനെയാണ് താൻ എല്ലായ്പ്പോഴും പിന്തുണച്ചിട്ടുള്ളത്. ഏറ്റവും വേ​ഗത്തിൽ നീതിപൂർവവും സുതാര്യവുമായ ഒത്തുതീർപ്പ് ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മല്ലിക ശ്രീനിവാസൻ പറഞ്ഞു.

കുടുംബത്തിലെ എല്ലാ സ്വത്തും ഒരു വ്യക്തിക്കുള്ളതാണെന്നും അതിനാൽ അത് ഏകപക്ഷീയമായി വിതരണം ചെയ്യാൻ അവകാശമുണ്ടെന്നുമുള്ള വാദം അം​ഗീകരിക്കപ്പെട്ടതല്ലെന്ന് നേരത്തേ മല്ലിക ശ്രീനിവാസനും മകൾ ലക്ഷ്മി വേണുവും വ്യക്തമാക്കിയിരുന്നു. 2024 മാർച്ചിൽ ഒപ്പിട്ട ധാരണാപത്രത്തിൽ ബ്രാൻഡുകളുടെ ഉപയോ​ഗം സംബന്ധിച്ചതടക്കമുള്ള അവകാശങ്ങൾ മാത്രമാണുള്ളതെന്നും മല്ലിക ശ്രീനിവാസൻ പറഞ്ഞു. ഈ ധാരണാപത്രത്തിൽ കുടുംബ സ്വത്തിന്റെ ഉടമാസ്ഥവകാശത്തെക്കുറിച്ച് പറയുന്നില്ലെന്നും അവർ വ്യക്തമാക്കി. 2020-ൽ ടിവിഎസ് ​ഗ്രൂപ്പിൽ നടന്ന വിഭജനം ആസ്തിവിഭജനമോ സാമ്പത്തിക ഒത്തുതീർപ്പോ അല്ലെന്നും ടിവിഎസ് കുടുംബത്തിലെ സാമ്പത്തിക തർക്കത്തിൽ ട്രാക്ടേഴ്സ് ആൻഡ് ഫാം എക്വിപ്മെന്റ് ലിമിറ്റഡിലെ തന്റെ പങ്കാളിത്തത്തിന് യാതൊരു ബന്ധവുമില്ലെന്നും അത് ഇതുമായി കൂട്ടിവായിക്കേണ്ടതില്ലെന്നും മല്ലിക ശ്രീനിവാസൻ കൂട്ടിച്ചേർത്തു.വേണു ശ്രീനിവാസന്റെ കുടുംബത്തിന് കീഴിലുള്ള വിവിധ ബിസിനസുകളിലെ സാമ്പത്തിക ഉടമസ്ഥാവകാശവും കുടുംബ സ്വത്തിലെ വിഭജനത്തെ സംബന്ധിച്ചുമാണ് തർക്കം ഉടലെടുത്തിരിക്കുന്നത്. ടിവിഎസ് ഹോൾഡിങ്സ്, ടിവിഎസ് മോട്ടോർ കമ്പനി, ടിവിഎസ് ക്രെഡിറ്റ്, സുന്ദരം ക്ലേടൺ തുടങ്ങിയവയാണ് ടിവിഎസ് ​ഗ്രൂപ്പിന് കീഴിലെ പ്രധാന ബിസിനസ് സംരംഭങ്ങൾ. ഈ ബിസിനസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുടുംബത്തിൽ ധാരണയിലെത്തിയെങ്കിലും ഇതിന്റെ സാമ്പത്തിക ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമായിട്ടില്ല. 2025 ഏപ്രിലിൽ സുദർശൻ വേണുവിനെ സി​ഗ്നിഫിക്കറ്റ് ബെനഫിഷ്യൽ ഓണർ(എസ്ബിഒ) ആയി ടിവിഎസ് ഹോൾഡിങ്സ് വെളിപ്പെടുത്തിയതോടെയാണ് കുടുംബത്തിലെ അഭിപ്രായഭിന്നതകൾ മറനീക്കി പുറത്തുവന്നത്. ഒരു കമ്പനിയിലെ നിർണായകമായ ഉടമസ്ഥാവകാശമോ നിയന്ത്രണമോ കൈവശം വെയ്ക്കുന്നയാളാണ് എസ്ബിഒ.

ടിവിഎസ് മോട്ടോർ കമ്പനി, ടിവിഎസ് ഹോൾഡിങ്സ് തുടങ്ങിയവയുടെ ചെയർമാൻ എമരിറ്റസ് ആണ് വേണു ശ്രീനിവാസൻ. പ്രമുഖ വ്യവസായിയും അമാൽ​ഗമേഷൻസ് ​ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനുമായ അനന്തരാമകൃഷ്ണൻ ശിവശൈലത്തിന്റെ മകളാണ് വേണു ശ്രീനിവാസന്റെ ഭാര്യയായ മല്ലിക ശ്രീനിവാസൻ. ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളിലൊരാളായ ട്രാക്ടേഴ്സ് ആൻഡ് ഫാം എക്വിപ്മെന്റ് ലിമിറ്റഡ്(TAFE) ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് മല്ലിക ശ്രീനിവാസൻ. വേണു ശ്രീനിവാസന്റെയും മല്ലിക ശ്രീനിവാസന്റെയും മക്കളാണ് സുദർശൻ വേണുവും ലക്ഷ്മി വേണുവും. നിലവിൽ ടിവിഎസ് മോട്ടോർ കമ്പനിയുടെ ചെയർമാനും ടിവിഎസ് ഹോൾഡിങ്ങ്സിന്റെ മാനേജിങ് ഡയറക്ടറുമാണ് സു​ദർശൻ വേണു. ടിവിഎസ് ക്രെഡിറ്റ് സർവീസസ്, ടിവിഎസ് എമറാൾഡ് തുടങ്ങിയവയെ നയിക്കുന്നതും സുദർശൻ വേണുവാണ്. ട്രാക്ടേഴ്സ് ആൻഡ് ഫാം എക്വിപ്മെന്റ് ലിമിറ്റഡ് വൈസ് ചെയർമാനാണ് ലക്ഷ്മി വേണു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button