Uncategorized

ചേരാനല്ലൂരിലെ പൊലീസ് വീഴ്ച‌ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ തെറിച്ചു, ആർ.നിശാന്തിനിക്ക് ചുമതല

തിരുവനന്തപുരം ചേരാനല്ലൂരിൽ പതിനേഴുകാരൻ അമിതവേഗത്തിലോടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി ആഭ്യന്തരവകുപ്പ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. പകരം ആർ.നിശാന്തിനിക്കാണു ചുമതല നൽകിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണു നടപടി. സംഭവത്തിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്ത‌ിരുന്നു. ഇതിനു പിന്നാലെയാണ് സിറ്റി പൊലീസ് കമ്മിഷണറും തെറിച്ചത്.അപകടമുണ്ടാക്കിയ പ്ലസ് വൺ വിദ്യാർഥിക്കു ജാമ്യം ലഭിക്കാനാകുന്ന വകുപ്പുകൾ ഉൾപ്പെടുത്തി ആദ്യം കേസെടുത്തതു ഗുരുതര വീഴ്ചയാണെന്ന് എഡിജിപി പി.വിജയൻ ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ എന്ന നിലയിൽ സംഭവത്തിൽ ഇടപെടുന്നതിൽ കാളിരാജ് മഹേഷ് കുമാറിനു വീഴ്ചയുണ്ടായെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. പ്രതി ജഡ്‌ജിയുടെ മകനായ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സമ്മർദമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കമ്മിഷണർ ശക്തമായ ഇടപെടൽ നടത്തേണ്ടിയിരുന്നുവെന്നാണ് ആഭ്യന്തരവകുപ്പിൻ്റെ വിലയിരുത്തൽ.സംഭവത്തിൽ പ്രതിക്കു പെട്ടെന്നു തന്നെ ജാമ്യം ലഭിച്ചത് പൊലീസിന്റെ ഒത്തുകളിയാണെന്ന് വിമർശനം ഉയരുകയും നിയമസഭാ സമ്മേളനം നടക്കുമ്പോൾ സർക്കാരിനെയും ആഭ്യന്തരവകുപ്പിനെയും അതു പ്രതിസന്ധിയിലാക്കുകയും ചെയ്തുവെന്ന ആക്ഷേപവും ഉണ്ട്. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി ഡിജിപിയുമായി സംസാരിച്ച് നടപടിക്കു നിർദേശിച്ചത്. ചേരാനല്ലൂർ സിഐ കെ.എസ്.ശ്യാംകുമാർ, എസ്ഐ വി.എസ്.വിശ്വജിത്ത്, ഗ്രേഡ് എഎസ്ഐ കെ.ടി.മനോജ്, സീനിയർ സിപിഒ അരുൺ ജോഷി എന്നിവരെ ഇന്നലെ സസ്പെൻഡ് ചെയ്‌തിരുന്നു. ഞായറാഴ്ചയാണ് പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമയായ ജയബാലകൃഷ്ണൻ മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button