Uncategorized

ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് നേരെ ഒമാൻ തീരത്ത് ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന കപ്പലിന് നേരെ ഒമാനിലെ മുസന്ദം തീരത്തോട് ചേർന്ന് ആക്രമണം. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ പതാകയുമായി സഞ്ചരിച്ച എംവി കേപ് ദാവോ എന്ന ബൾക്ക് കാരിയർ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒമാനിലെ മുസന്ദം ഗവർണറേറ്റ് തീരത്തിന് സമീപമാണ് സംഭവം.കപ്പലിലുണ്ടായിരുന്ന 19 ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് എംബസി വ്യക്തമാക്കി. ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അടിയന്തര രക്ഷാപ്രവർത്തനം നടത്തി ജീവനക്കാരെ കരയിലെത്തിച്ചു. കപ്പലിലുണ്ടായിരുന്ന ആകെ 27 ജീവനക്കാരെയും ഒമാൻ സുരക്ഷാ സേന ഒഴിപ്പിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റ് രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അജ്ഞാത വസ്തു വന്ന് പതിച്ചതിനെ തുടർന്ന് കപ്പലിന് തീപിടിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ഇതേത്തുടർന്ന് കപ്പൽ കടലിൽ നിയന്ത്രണമില്ലാതെ ഒഴുകുകയായിരുന്നു. കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കാനും, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുമുള്ള നടപടികൾ ഇന്ത്യൻ എംബസി ഏകോപിപ്പിച്ചു വരുന്നു. ചെങ്കടൽ-അറബിക്കടൽ മേഖലയിലെ കപ്പൽപാതകളിൽ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം. കപ്പലിന് നേരെ ആക്രമണം നടത്തിയത് ആരാണെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button