ശവസംസ്കാരത്തിന് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വയോധിക ജീവനോടെ തിരിച്ചെത്തി

ഹാവേരിയിലെ ഗൊഡച്ചികൊണ്ട ഗ്രാമവാസിയാണ് രേണുകമ്മ. അസുഖ ബാധിതയായ ഇവർക്ക് രക്തസമ്മർദവും പ്രമേയവും കുറഞ്ഞതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. നില ഗുരുതരമായതിനാൽ മക്കൾ ഡോക്ടറെ വരുത്തി പരിശോധിച്ചെങ്കിലും ശ്വാസം നിലച്ചതായി കണ്ട് അദ്ദേഹം മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് കുടുംബാംഗങ്ങൾ അടുത്ത ദിവസം തന്നെ വീട്ടുമുറ്റത്ത് ശവസംസ്കാര ചടങ്ങുകൾക്കായി പന്തലൊരുക്കുകയും മറവുചെയ്യാനുള്ള കുഴി തയാറാക്കുകയും ചെയ്തു. അവസാനമായി ഒരുനോക്ക് കാണാൻ ബന്ധുക്കളും നാട്ടുകാരും പൂമാലകളുമായി എത്തിച്ചേരുകയും ചെയ്തു.
എന്നാൽ പന്തലിൽ കിടത്തിയിരുന്ന അമ്മയുടെ നെഞ്ച് ചെറുതായി ഉയരുകയും താഴുകയും ചെയ്യുന്നത് മകന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ മകൻ രേണുകമ്മയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിവേഗം ഇടപെട്ട മെഡിക്കൽ സംഘത്തിന്റെ പരിശ്രമം ഫലം കണ്ടു. അൽപസമയത്തിനകം രേണുകമ്മ കണ്ണുകൾ തുറന്നു. ‘ഡയബറ്റിക് കോമ’ അവസ്ഥയിലായതുകൊണ്ടാണ് ശ്വാസം പൂർണമായി നിലച്ചതുപോലെ തോന്നിയതെന്ന് ഡോക്ടർമാർ അറിയിച്ചു.




