കെട്ടിടം വാടകയ്ക്കെടുത്തത് ആയുർവേദ ഡോക്ടർ, പരിശോധന നടത്തിയത് ഹോമിയോ ഡോക്ടർ, ചികിത്സ അലോപ്പതി; വ്യാജ ആശുപത്രി പൂട്ടി പഞ്ചായത്ത്

തിരുവനന്തപുരം: അമ്പൂരി ജംഗ്ഷന് സമീപത്ത് വര്‍ഷങ്ങളായി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്ലിനിക്ക് പഞ്ചായത്ത് അധികൃതര്‍ പൂട്ടി. ഡോക്ടറും നഴ്സുമടക്കം ആശുപത്രി സംവിധാനങ്ങളോടെ പ്രവർത്തിച്ചിരുന്ന ഇവിടെ പരിശോധനയില്‍ അലോപ്പതി ഡോക്ടര്‍ക്ക് പകരം ഹോമിയോ ഡോക്ടറുടെ സേവനമാണ് കണ്ടത്. ആശുപത്രി നടത്തിപ്പുകാരനും അലോപ്പതി ലൈസൻസില്ലാത്ത വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയതോടെയാണ് പഞ്ചായത്ത് ഹെൽത് വിഭാഗം നടപടിയെടുത്തത്. കൂടാതെ പഞ്ചായത്തില്‍ നിന്നുള്ള അനുമതിയോ ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള സംവിധാനമോ ഇവിടെയില്ല. ലാബില്‍ നിലവാരമുള്ള ടെസ്റ്റിംഗ് സാധനങ്ങളുമില്ലായിരുന്നു.
വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഈ ആശുപത്രിയില്‍ കാലാകാലങ്ങളില്‍ വ്യാജ ഡോക്ടറാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹെല്‍ത്ത് അധികൃതര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന. രാത്രികാലങ്ങളിലടക്കം അടിയന്തര ചികിത്സയും കുത്തിവയ്പ്പുകളുമുൾപ്പടെ നൽകിയത് ഹോമിയോ – ആയുർവേദ ഡോക്ടറായിരുന്നെന്ന് കണ്ടെത്തിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. അമ്പൂരി പഞ്ചായത്തിന്റെയും ഹെല്‍ത്തിന്റെയും സംയുക്തമായിട്ടുള്ള പരിശോധനയില്‍ ക്രമക്കേടുകളും കണ്ടെത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ മെഡിക്കൽ ഓഫീസർക്കും പൊലീസിനും വിവരം കൈമാറിയെന്നും തുടർ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.




