ജ്യോതികുമാർ ചാമക്കാല എംഎൽഎ ഗുണ്ടകളെ സംരക്ഷിക്കുന്നുവെന്ന് കെബി ഗണേഷ് കുമാർ, സഞ്ജു പി സാമിന് നേരെ ആക്രമണത്തിൽ നടപടി വേണമെന്നും ആവശ്യം

പത്തനാപുരം: പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകനെ കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ജ്യോതികുമാർ ചാമക്കാല എം എൽ എക്കെതിരെ കെ ബി ഗണേഷ് കുമാർ രംഗത്ത്. മർദ്ദനമേറ്റ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സഞ്ജു പി സാമിനെ ആക്രമിച്ച ഗുണ്ടകളെ പത്തനാപുരം എം എൽ എ സംരക്ഷിക്കുകയാണെന്ന് ഗണേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. അധികാരത്തിന്റെ അഹങ്കാരത്തിൽ പത്തനാപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് കോൺഗ്രസ് നീക്കമെന്നും, കുറ്റക്കാരെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രിയോടെയാണ് സഞ്ജു പി സാമിന് നേരെ ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ കേരള കോൺഗ്രസ് (ബി) പ്രവർത്തകർ പത്തനാപുരം എം എൽ എ ഓഫീസിന് മുന്നിൽ തടിച്ചുകൂടി വലിയ പ്രതിഷേധം ഉയർത്തി. തുടർന്ന് കോൺഗ്രസ് – കേരള കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉടലെടുത്ത കടുത്ത സംഘർഷാവസ്ഥ പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പത്തനാപുരത്ത് ഗുണ്ടാവിളയാട്ടം അനുവദിക്കില്ലെന്നും ആക്രമണങ്ങളെ ശക്തമായി എതിർക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി




