Uncategorized

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച ഉടൻ; സർക്കാർ പിന്തുണ ലഭിച്ചില്ലെങ്കിൽ രാജിവെക്കാൻ കെ ജയകുമാർ?

പത്തനംതിട്ട: സര്‍ക്കാര്‍ പിന്തുണയില്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം കെ ജയകുമാര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. പിന്തുണയില്ലെങ്കില്‍ രാജിവെക്കാനുള്ള സന്നദ്ധത മുഖ്യമന്ത്രി വി ഡി സതീശനെ അറിയിക്കും. ദേവസ്വം മന്ത്രി കെ മുരളീധരനും അദ്ദേഹത്തിന്റെ ഓഫീസും നിരന്തരം ബോര്‍ഡിനെ വിവാദത്തിലാക്കുന്നുവെന്നും മുഖ്യമന്ത്രിയെ അറിയിക്കും. ഇന്ന് രാവിലെ 11.30നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. മണ്ഡലകാലത്തിന് വെറും 54 ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് മന്ത്രിയും ബോര്‍ഡും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നത്.
ദേവസ്വം ബോര്‍ഡിനെ വിവാദത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് കെ ജയകുമാറിന്റെ ആരോപണം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സര്‍ക്കാരിന്റെ പിന്തുണ ഇല്ലെന്ന് വ്യക്തമായാല്‍ രാജി സന്നദ്ധത അറിയിക്കാനാണ് കെ ജയകുമാറിന്റെ തീരുമാനം. വലിയ വിവാദങ്ങള്‍ തുടര്‍ച്ചയായി ദേവസ്വം ബോര്‍ഡിന് എതിരെ ഉണ്ടാകുന്നതാണ് അതൃപ്തിക്ക് കാരണം. മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ കൃത്യമായി നടക്കുന്നുവെന്ന വിശദീകരണമാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്നത്. മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഒരു തടസവും ഉണ്ടാകില്ലെന്ന് ജയകുമാര്‍ പറഞ്ഞിരുന്നു. വിവാദങ്ങള്‍ ഉയരുന്നതിനൊപ്പം ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആരോപിക്കുന്നു. ഈ സാഹചര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ കെ ജയകുമാര്‍ ബോധ്യപ്പെടുത്തും.തുടര്‍ച്ചയായി ഉണ്ടാകുന്ന വിമര്‍ശനങ്ങളില്‍ വലിയ അതൃപ്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനുണ്ട്. അതേസമയം തന്നെ ദേവസ്വം മന്ത്രിയുടെ വിമര്‍ശനത്തില്‍ ദേവസ്വം പ്രസിഡന്റ് മറുപടി നല്‍കാത്തതില്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്കും അതൃപ്തിയുണ്ട്. അതേസമയം ദേവസ്വം മന്ത്രി കെ മുരളീധരന്‍ കടുത്ത നിലപാടാണ് ദേവസ്വം ബോര്‍ഡിനെതിരെ സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദേവസ്വം വകുപ്പും ദേവസ്വം ബോര്‍ഡും കൂട്ടായി പ്രവര്‍ത്തിക്കുന്നതാണ്. കൃത്യമായ ഇടവേളകളില്‍ അവലോകന യോഗങ്ങള്‍ വിളിച്ച്, ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ആശയവിനിമയം നടത്തി മുന്നോട്ടുപോകുന്നതായിരുന്നു പതിവ്. വലിയ വീഴ്ചകള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുവെന്നാണ് മന്ത്രിയുടെ ആക്ഷേപം. എന്നാൽ വലിയ സമ്മര്‍ദം ദേവസ്വം മന്ത്രിയുടെ ഓഫീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുവെന്നും ശബരിമലയിലെ പല കാര്യങ്ങളിലും മന്ത്രിയുടെ ഓഫീസ് അമിതമായി കൈകടത്തുന്നുവെന്നുമാണ് ദേവസ്വം ബോര്‍ഡ് ഉയര്‍ത്തുന്ന ആക്ഷേപം. ശബരിമലയില്‍ നിലവില്‍ സജ്ജമാക്കുന്ന മുന്‍ഒരുക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച വേണമെന്ന ആവശ്യം കെ ജയകുമാര്‍ തന്നെയാണ് മുന്നോട്ടുവച്ചത്. കൂടിക്കാഴ്ചയില്‍ സര്‍ക്കാരിന്റെ പിന്തുണ കെ ജയകുമാര്‍ തേടും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button