Uncategorized

കണ്ണൂർ പോലീസിന് വൻ നേട്ടം; ഡൽഹി കേന്ദ്രീകരിച്ച് എം.ഡി.എം.എ. നിർമ്മിച്ചിരുന്ന വിദേശ വനിതകൾ അറസ്റ്റിൽ

​കണ്ണൂർ: ഡൽഹി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എ. നിർമ്മിച്ച് വിതരണം ചെയ്തിരുന്ന അന്താരാഷ്ട്ര ലഹരി സംഘത്തിലെ വിദേശ വനിതകളെ കണ്ണൂർ സിറ്റി പോലീസ് സ്ക്വാഡ് സാഹസികമായി പിടികൂടി. നൈജീരിയൻ സ്വദേശിനി ചിനലോ ലിലിയൻ, കാമറൂണിയൻ സ്വദേശികളായ ഫെലോമിന, ചാൻസലിൻ എന്നിവരാണ് ഡൽഹി ബുരാരിയിൽ വെച്ച് പിടിയിലായത്.
​സിനിമയെ വെല്ലുന്ന അന്വേഷണത്തിനൊടുവിലാണ് കണ്ണൂർ പോലീസ് അന്താരാഷ്ട്ര ലഹരി മാഫിയയുടെ വേരുകൾ കണ്ടെത്തിയത്. ന്യൂമാഹിയിൽ വെച്ച് 6 ഗ്രാം എം.ഡി.എം.എ.യുമായി രജിനാസ് എന്നയാൾ പിടിയിലായതാണ് കേസിൽ നിർണ്ണായകമായത്. ഇയാളെ ചോദ്യം ചെയ്തതോടെ ലഹരി എത്തിച്ചുനൽകിയ മുഹമ്മദ് സമീറിലേക്ക് അന്വേഷണമെത്തി. സമീറിന്റെ വീട്ടിൽ നിന്നും വാഹനത്തിൽ നിന്നുമായി 185 ഗ്രാം എം.ഡി.എം.എ. പോലീസ് പിടിച്ചെടുത്തു.
​തുടർന്ന് സമീറിന്റെ ഫോൺ, ബാങ്ക് രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ‘തബു’ എന്ന യുവതിയെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നത്. ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ ലഹരിമരുന്ന് ഒളിപ്പിച്ച ശേഷം ഉപഭോക്താക്കൾക്ക് ലൊക്കേഷൻ മാത്രം കൈമാറുന്ന ഹൈടെക് രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ബംഗളൂരുവിൽ വെച്ച് തബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
​ഡൽഹിയിൽ നിന്ന് പാർസൽ വഴിയാണ് ഇവർ നാട്ടിലേക്ക് ലഹരി കടത്തിയിരുന്നത്. കേരള പോലീസിന്റെ കൃത്യമായ വിവരക്കൈമാറ്റത്തെ തുടർന്ന് തബുവിന്റെ കൂട്ടാളി അർഷാദ് അലിയെ 800 ഗ്രാം എം.ഡി.എം.എ.യുമായി ഹരിയാന പോലീസ് ഗുരുഗ്രാമിൽ വെച്ച് പിടികൂടിയിരുന്നു. പിന്നാലെ, ലഹരി വ്യാപാരികൾക്ക് വ്യാജരേഖകളും സിം കാർഡുകളും മ്യൂൾ അക്കൗണ്ടുകളും നൽകിയ അബ്ദുറഹ്മാൻ, എറണാകുളം സ്വദേശി റിഷാദ് എന്നിവരും അറസ്റ്റിലായി.
​ഈ സംഘത്തിൽ നിന്നുള്ള തെളിവുകളാണ് ഡൽഹിയിൽ ഇരുന്ന് എം.ഡി.എം.എ. നിർമ്മിച്ചുനൽകിയിരുന്ന വിദേശ വനിതകളിലേക്ക് പോലീസിനെ എത്തിച്ചത്. 20-ഓളം ബാങ്ക് അക്കൗണ്ടുകൾ വഴിയും നിരന്തരം സിം കാർഡുകൾ മാറിയും കോടികളുടെ ഇടപാടുകളാണ് പ്രതികൾ നടത്തിയിരുന്നത്. കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക സ്ക്വാഡ് അംഗങ്ങൾ 10 ദിവസത്തോളം ഡൽഹിയിൽ താമസിച്ച് നടത്തിയ സാഹസിക അന്വേഷണത്തിലാണ് സംഘം വലയിലായത്.
​കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ്, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയഭാരത് റെഡ്ഡി ഐ.പി.എസ് എന്നിവരുടെ നിർദ്ദേശപ്രകാരം തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപൻ ഐ.പി.എസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കണ്ണൂർ ഡാൻസാഫ് സ്ക്വാഡ്, തലശ്ശേരി എ.എസ്.പി സ്ക്വാഡ്, തലശ്ശേരി പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button