ജന്മദിനാഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചു; സുഹൃത്തിനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ

ശ്രീനഗർ: ജന്മദിനം ആഘോഷിക്കുന്നതിനിടെ മുഖത്ത് കേക്ക് തേച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിക്കൊന്ന യുവാവ് പിടിയിൽ. ജമ്മു കാഷ്മീരിലെ ലോവർ രൂപ നഗറിലാണ് സംഭവം. പവൻ നായർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നീരജ്, സഹോദരൻ റിഷു എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു
ലോവർ രൂപ നഗറിന് സമീപമുള്ള റോഡരികിൽ നീരജ് ജന്മദിനം ആഘോഷിക്കുകയായിരുന്നു. സുഹൃത്തുക്കളായ പവൻ നായർ, ജോൺ സോത്ര, ഗൗരവ് സിംഗ്, സുഗന്ധ് ഭട്ടി എന്നിവരും നീരജിന്റെ സഹോദരൻ റിഷുവും ചടങ്ങിൽ പങ്കെടുത്തിരുന്നു.
കേക്കു മുറിക്കുന്നതിനിടെ പവൻ നായർ നീരജിന്റെ മുഖത്ത് കേക്ക് തേച്ചു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പ്രകോപിതനായ നീരജ് പവന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പവനെ സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് പ്രതികളെ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.




