ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ച് കഞ്ചാവ് വിൽപന, പൊലീസ് പരിശോധന ഉണ്ടോ എന്നറിയാൻ ഓട്ടോറിക്ഷയ്ക്ക് പൈലറ്റ്; ഒരാൾ കൂടി പിടിയിൽ

കൊച്ചി: ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കിഴക്കമ്പലം പഴങ്ങനാട് വാടക വീട്ടിൽ താമസിക്കുന്ന വട്ടേക്കുന്നം മുട്ടാർ കൊല്ലംപറമ്പിൽ മുഹമ്മദ് ആസാദി (45) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്കഴിഞ്ഞ മെയ് മാസം 19ന് 25 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയും നൊച്ചിമ സ്വദേശിയെയും ആലുവ പൊലീസ് തോട്ടയ്ക്കാട്ടുകരയിൽ വെച്ച് പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് അങ്കമാലിയിൽ എത്തിച്ച് അങ്കമാലിയിൽ നിന്ന് ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ, എറണാകുളം ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ വിൽക്കാനായി കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ആണ് ആലുവ പൊലീസ് കഞ്ചാവ് പിടികൂടിയത്.
നാലുപേരെ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയും ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. പൊലീസ് പരിശോധന ഉണ്ടോ എന്ന് അറിയിക്കാൻ പ്രതികൾ സഞ്ചരിച്ച് വന്നിരുന്ന ഓട്ടോറിക്ഷയ്ക്ക് പൈലറ്റ് പോയിരുന്നതും കഞ്ചാവ് കൊണ്ടുവരാൻ പണം അയച്ചു കൊടുത്തിരുന്നതും ആസാദ് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു




