Uncategorized

‘വോട്ട് ചോരി, സർക്കാർ ചോരി, ഇപ്പോൾ പാർട്ടി ചോരി’: ടിഎംസിയുടെ പേരും ചിഹ്നവും മരവിപ്പിച്ചതിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒന്നിച്ചുനിന്ന് പ്രതിപക്ഷ പാർട്ടികളെ തകർക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

“വോട്ട് മോഷണം, സർക്കാർ മോഷണം, ഇപ്പോൾ പാർട്ടി മോഷണം, ഇവയെല്ലാം രാജ്യത്തെ ജനാധിപത്യ തകർച്ചയുടെ പ്രതീകങ്ങളായി മാറിയിരിക്കുന്നു”- എക്സ് അക്കൗണ്ടിൽ രാഹുൽ ഗാന്ധി കുറിച്ചു. തൃണമൂൽ കോൺഗ്രസിലെ വിഭാഗീയതയെത്തുടർന്ന് നേതൃത്വതർക്കം പരിഹരിക്കപ്പെടുന്നതുവരെ പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിൽ നിന്ന് ഇരുവിഭാഗങ്ങളെയും തടഞ്ഞുകൊണ്ട് വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നടപടിയെ എഎപി കൺവീനർ അരവിന്ദ് കെജ്രിവാളും ചോദ്യം ചെയ്തു.

ശിവസേനയിലും എൻസിപിയിലും കണ്ട അതേ രീതി തന്നെയാണ് ഇപ്പോൾ തൃണമൂൽ കോൺഗ്രസിൻ്റെ കാര്യത്തിലും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടപ്പാക്കുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ജനവിധി സംരക്ഷിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ, ജനവിധി അട്ടിമറിക്കുന്ന ശക്തികളെ സഹായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ അസംബ്ലി മണ്ഡലങ്ങളിൽ ഒക്ടോബർ 6ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഈ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങളും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും പാർട്ടി ചിഹ്നത്തിനായി അവകാശം ഉന്നയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button