ഇത് കേരളമോ? കേരളത്തില്‍ അടിയന്തരാവസ്ഥാ കാലത്തിന് സമാനമായ സാഹചര്യം; വീണാ ജോര്‍ജ്

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലില്‍ പൊലീസ് നടത്തുന്നത് തനി ഗുണ്ടായിസമാണെന്ന് വീണാ ജോര്‍ജ്. മാധ്യമപ്രവര്‍ത്തകരെ ബന്ദികളാക്കി വാര്‍ത്താ സംപ്രേഷണം തടഞ്ഞ നടപടി കേരളത്തില്‍ കേട്ട് കേള്‍വി ഇല്ലാത്തതാണ്. അങ്ങേയറ്റം അപലപനീയമാണെന്നും മുന്‍മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
അല്പസമയം മുന്‍പ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡിജിറ്റല്‍ ഡെസ്‌കില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ എഴുന്നേല്‍പ്പിച്ചു പുറത്തു വിട്ട്, അവരുടെ കസേരകളില്‍ പോലീസ് കയറിയിരിക്കുന്ന കാഴ്ചയും കണ്ടു. ലജ്ജാകരമാണ്. കേരളത്തില്‍ അടിയന്തരാവസ്ഥ കാലത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് വീണാ ജോര്‍ജ് വിമര്‍ശിച്ചു.
‘കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കി നിരന്തരം ആക്രമിച്ച വ്യക്തിയാണ് പിണറായി വിജയന്‍. കള്ള വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങളാല്‍ നിരന്തരം അന്യായമായി ആക്രമിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യപ്പെട്ടവരാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍. കഴിഞ്ഞ 10 വര്‍ഷം ഒരു മാധ്യമത്തിന്റെയും സംപ്രേഷണം കേരള സര്‍ക്കാര്‍ തടയുകയോ അച്ചടി തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ല. മാധ്യമ സംപ്രേഷണം തടഞ്ഞും മാധ്യമ പ്രവര്‍ത്തകരെ ബന്ദികളാക്കിയും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്ന ഈ അതിക്രമം അന്യായമാണ്. ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ആരുടെ നിര്‍ദേശ പ്രകാരമാണ് ഈ ഗുണ്ടായിസം എന്ന് കേരള സമൂഹത്തിന് മുന്‍പാകെ വ്യക്തമാക്കപ്പെടണം’ എന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.




