എഐ നമ്മളെയെല്ലാം ഇല്ലാതാക്കാൻ സാധ്യത’; ഗൂഗിൾ ഡീപ്മൈൻഡ് ഗവേഷകന്റെ മുന്നറിയിപ്പ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) അതിവേഗ വളർച്ച മനുഷ്യരാശിക്ക് തന്നെ ഗുരുതര ഭീഷണിയാകാമെന്ന മുന്നറിയിപ്പുമായി ഗൂഗിൾ ഡീപ്മൈൻഡിലെ മുൻ സുരക്ഷാ ഗവേഷകൻ ബിലാൽ ചുഗ്തായി രംഗത്ത്. എഐയുടെ നിലവിലെ വികസനകുതിപ്പ് തുടർന്നാൽ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ അപകടമുണ്ടാകാമെന്നും ഇത്തരം ദുരന്തം ഒഴിവാക്കാനുള്ള സമയം നമ്മുക്ക് മുന്നിൽ കുറഞ്ഞുവരികയാണെന്നും അദ്ദേഹം തന്റെ സമൂഹ മാധ്യമ പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നു.
രാജിക്ക് പിന്നാലെ മുന്നറിയിപ്പ്
ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (Artificial General Intelligence) സുരക്ഷയും ‘അലൈൻമെന്റ്’ ഗവേഷണവും കൈകാര്യം ചെയ്തിരുന്ന ചുഗ്തായി അടുത്തിടെ ഗൂഗിൾ ഡീപ്മൈൻഡിൽ നിന്ന് രാജിവച്ചിരുന്നു. ഗൂഗിളിൽ എഐ വികസനം നേരിട്ട് നിരീക്ഷിച്ച അനുഭവമാണ് തന്റെ ആശങ്ക വർധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ എഐ പുരോഗതിയുടെ വേഗത താൻ പ്രതീക്ഷിച്ചതിനേക്കാൾ അതിശയകരമായ വേഗത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐയുടെ കഴിവുകൾ അതിവേഗം വളരുമ്പോൾ, അതിനെ സുരക്ഷിതമായി നിയന്ത്രിക്കാനും മനുഷ്യരുടെ താൽപര്യങ്ങളുമായി പൊരുത്തപ്പെടുത്താനും ആവശ്യമായ സംവിധാനങ്ങൾ അതേ വേഗത്തിൽ വികസിക്കുന്നില്ലെന്നതാണ് ഗവേഷകരുടെ പ്രധാന ആശങ്ക. ചുഗ്തായിയുടെ രാജി ഈ ചർച്ചയ്ക്ക് വീണ്ടും ശക്തി നൽകിയിരിക്കുകയാണ്




