Uncategorized

അനധികൃത റേഷൻ അരി കടത്ത്; പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്, അരി ചാക്കുകള്‍ വീട്ടില്‍ സൂക്ഷിച്ച നിലയില്‍

തിരുവന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള അനധികൃത റേഷൻ അരി കടത്തുമായി ബന്ധപ്പെട്ട് പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. തിരുവന്തപുരം പാറശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയില്‍ റേഷന്‍ അരി ചാക്കുകള്‍ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ അടുക്കളയിലും ബാത്ത് റൂമിലുമാണ് റേഷന്‍ അരി സുരേഖ അരിയുടെ ചാക്കില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 199 ചാക്ക് റേഷന്‍ അരിയും 4 ചാക്ക് ഗോതമ്പും ഇവിടെ നിന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. വീട് ആരുടേതാണെന്നോ ലോഡ് ആരുടെതാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.വന്‍ മാഫിയാ സംഘം ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഒരാഴ്ചക്കിടെ 62 ടൺ അരിയും നാല് ടൺ ഗോതമ്പും പിടിച്ചെടുത്തു. എട്ട് ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം റേഷൻ സാധങ്ങൾ പിടിച്ചെടുത്തത്.

നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രവീണ്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതുവരെ നടന്ന പരിശോധനകളെല്ലാം തന്നെ ഗോഡൗണുകൾ കേന്ദ്രീകരിച്ചായിരുന്നു. കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് റേഷന്‍ അരി അനധികൃതമായി സംഭരിച്ച് പോളിഷ് ചെയ്ത് ബ്രാന്‍ഡഡ് ആക്കി വില്‍ക്കുന്ന വിവരം തെളിവുകള്‍ സഹിതം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് മിന്നല്‍ പരിശോധന ആരംഭിച്ചത്. പനച്ചമൂട്, പാറശ്ശാല, ഇഞ്ചിവിള, അഞ്ചാലിക്കോണം അടക്കമുള്ള പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരാഴ്ചക്കിടെ 62 ടണ്‍ അരിയും നാല് ടണ്‍ ഗോതമ്പും പിടിച്ചെടുത്തു. എട്ട് ഗോഡൗണുകളിലാണ് പരിശോധന നടന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഏകദേശം 75000കിലോ റേഷന്‍ അരി പിടിച്ചെടുത്തിട്ടുണ്ടെന്നും തമിഴ്‌നാടുമായി എല്ലാ രണ്ട് മാസം കൂടുമ്പോഴും മീറ്റിങ് നടത്തുന്നുണ്ടെന്നും എന്നാല്‍ അവരുടെ പൂവാര്‍ അടക്കമുള്ള ചെക്ക് പോസ്റ്റില്‍ കൃത്യമായ നിരീക്ഷണം നടക്കുന്നില്ലെന്നും സപ്ലൈ ഓഫീസര്‍ പ്രവീണ്‍കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അതേസമയം റേഷന്‍ കരിഞ്ചന്തക്കാരെ പൂട്ടാന്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button