ഇന്തോനേഷ്യൻ കപ്പൽ നടുക്കടലിൽ കാണാതായി; തെരച്ചിൽ തുടങ്ങി

ജക്കാർത്ത: ഇന്തോനേഷ്യയിൽ 243 യാത്രക്കാരുമായി പോയ കപ്പൽ കാണാതായി. ഇന്ന് പുലർച്ചെയാണ് ജാവ കടലിൽ വെച്ച് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. വിർഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പലിന് എന്തു സംഭവിച്ചെന്ന് നിലവിൽ വ്യക്തമല്ല.
കപ്പലിനായുള്ള തെരച്ചിൽ തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 115 പേരെ കണ്ടെത്തിയെന്ന് ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മരണം സ്ഥിരീകരിച്ചു. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
കിഴക്കൻ ജാവയിൽ നിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യയിലേക്ക് പോവുകയായിരുന്നു കപ്പൽ. വിർഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പലുമായി ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ബന്ധം നഷ്ടപ്പെട്ടത്.
മോശം കാലാവസ്ഥയെ തുടർന്നാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കപ്പൽ മോശം കാലാവസ്ഥയിൽ പെട്ടതായി ഓപ്പറേറ്റർമാർ അധികൃതരെ അറിയിക്കുകയായിരുന്നുവെന്ന് റെസ്ക്യൂ ഓഫീസ് മേധാവി ഐ പുടു സുദയാന പറഞ്ഞു.
ബഞ്ചാർമാസിനിലെ ബോട്ട് ജെട്ടിയിൽ നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ വച്ചാണ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10:13-നാണ് കപ്പൽ യാത്ര തിരിച്ചതെന്ന് കപ്പൽ കമ്പനിയായ പിടി വിർഗോ അറിയിച്ചു. പ്രത്യേക രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
സർവ്വ സജ്ജീകരണങ്ങളും ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം വിവിധ സമുദ്ര സുരക്ഷാ ഏജൻസികളുമായി സഹകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്.



