പിഎയുടെ വീട്ടില്‍ ഇ ഡി റെയ്ഡ്; കോണ്‍ഗ്രസിലെ എല്ലാ പദവികളും രാജിവെച്ച് ഹരീഷ് റാവത്ത്

ന്യൂഡല്‍ഹി: മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോണ്‍ഗ്രസിലെ എല്ലാ പദവികളും രാജിവെച്ചു. സിഡബ്ല്യു സ്ഥിരം ക്ഷണിതാവ്, ഉത്തരാഖണ്ഡ് പിസിസി എക്സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങളാണ് രാജിവെച്ചത്. തന്റെ പി എ ചന്ദന്‍ സിങ് ജീനയുടെ ഡെറാഡൂണിലെ വീട്ടിലെ ഇ ഡി റെയ്ഡിന് പിന്നാലെയാണ് നീക്കം.
വിവാദം പാര്‍ട്ടിയെ ബാധിക്കാതിരിക്കാനാണ് രാജിയെന്ന് ഹരീഷ് റാവത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയുടെ അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് റെയ്ഡ് തടസ്സമാകരുത് എന്നാണ് നിലപാട്. പിഎക്കെതിരായ കണ്ടെത്തലുകള്‍ വിശ്വസിക്കാനാകുന്നില്ലെന്നും തന്നെ രാഷ്ട്രീയമായി വേട്ടയാടാന്‍ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും ഹരീഷ് റാവത്ത് ആരോപിച്ചു.
കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ തക്ക ശിക്ഷ ഉറപ്പാക്കണമെന്നും ഹരീഷ് റാവത്ത് പറഞ്ഞു. റെയ്ഡില്‍ അനധികൃത പണവും സ്വര്‍ണ്ണവും പിടിച്ചെടുത്തിരുന്നു. 2016-ലെ ഗ്രാമ പഞ്ചായത്ത് വികാസ് അധികാരി റിക്രൂട്ട്മെന്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി.വ്യാഴാഴ്ച ചന്ദന്‍ സിങ് ജീനയുമായി ബന്ധപ്പെട്ട ഡെറാഡൂണിലെ ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ഇ ഡി അറിയിച്ചു. മുൻ യുകെഎസ്എസ്എസ്സി ഉദ്യോഗസ്ഥർ, ഒഎംആർ ഷീറ്റുകൾ പ്രോസസ്സ് ചെയ്യുന്നതിൽ ഉൾപ്പെട്ട ഒരു സ്വകാര്യ കമ്പ്യൂട്ടർ ഏജൻസി ഉടമ, ആരോപണ വിധേയരായ ഇടനിലക്കാർ എന്നിവർ ബന്ധപ്പെട്ട സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ചന്ദന്‍ സിങ് ജീനയുടെ വസതിയിൽ നിന്ന് 32 ലക്ഷം രൂപയും സ്വർണ്ണവും ആഡംബര വാച്ചുകളും ഏജൻസി കണ്ടെടുത്തു.




