ഇടത് അംഗങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു; പാറളം പഞ്ചായത്തില്‍ ബിജെപി ഭരണം വീണു

തൃശ്ശൂര്‍: പാറളം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് അവിശ്വാസത്തെ ഇടത് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് ബിജെപി ഭരണം വീണത്. പ്രതിപക്ഷത്തിന് 10 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് ആറ് വോട്ടുകൾ ലഭിച്ചു. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി.
ജനവിധിയുടെ അട്ടിമറിയാണ് നടന്നതെന്ന് ബിജെപി വിമര്‍ശിച്ചപ്പോള്‍ ജനാധിപത്യത്തിന്റെ വിജയമാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തുള്ള ബിജെപി തന്ത്രത്തിലൂടെയും അട്ടിമറിയിലൂടെയുമാണ് പാറളം പഞ്ചായത്ത് പിടിച്ചെടുത്തതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇന്നത്തേത് ജനാധിപത്യത്തിന്‍റെ വിജയമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.സിപിഐഎമ്മും കോണ്‍ഗ്രസും മാറി മാറി ഭരിച്ച പഞ്ചായത്തില്‍ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ബിജെപി വിജയിച്ചത്. പതിനേഴംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ബിജെപിക്ക് ഭരണം ലഭിക്കുകയായിരുന്നു. ബിജെപി ഭരണം തുടങ്ങി ആറ് മാസമായതോടെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. തുടർന്ന് ഇന്ന് നടന്ന വോട്ടെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം പാസാക്കി.




