ഇതര ജില്ലക്കാരായ രണ്ട് യുവാക്കൾ കൊച്ചിയിൽ പിടിയിൽ; ഇരുവരുടെയും കൈയ്യിൽ നിന്ന് 89 ഗ്രാം എംഡിഎംഎ പിടികൂടി

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ നടപടി ശക്തമാകുന്നു. കളമശ്ശേരി സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 88.97 ഗ്രാം എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. പത്തടിപ്പാലം ഭാഗത്തുനിന്നാണ് പത്തനംതിട്ട പേട്ട സ്വദേശി ഷാരൂഖ് ഷജീബിനെ (22) കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് 53.84 ഗ്രാം എം.ഡി.എം.എയും 5.83 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കളമശ്ശേരി, ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനുകളിൽ മുൻപും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടയാളാണ് ഷാരൂഖ്. ഇയാൾക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. മറ്റൊരു പരിശോധനയിൽ കണ്ണൂർ കണിച്ചാർ സ്വദേശിയായ ജിത്തുമോൻ (25) എന്നയാളെ 35.130 ഗ്രാം എം.ഡി.എം.എയുമായി ഇടപ്പള്ളി ടോൾ ജങ്ഷനിൽ നിന്നാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. ഡി.സി.പി മോഹിത് റാവത്തിന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘവും കളമശ്ശേരി പോലീസും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.




