Uncategorized

ഒരു വർഷത്തിനിടെ നാലാം സ്ഥലംമാറ്റം, മടുത്തെന്ന് ഐഎഎസ് ഉദ്യോഗസ്ഥ; ഇത്തവണ വെറും 50 ദിവസത്തിനുള്ളിൽ സ്ഥാനചലനം

ഭോപ്പാൽ: മധ്യപ്രദേശിൽ കേവലം 50 ദിവസത്തെ സേവനത്തിന് ശേഷം വീണ്ടും സ്ഥലംമാറ്റപ്പെട്ടതിൽ കടുത്ത അമർഷവും നിരാശയും പ്രകടിപ്പിച്ച് 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ നേഹ മാർവ്യ സിംഗ്. ഒരു വർഷത്തിനിടെ നാലാം തവണയാണ് താൻ സ്ഥലംമാറ്റപ്പെടുന്നത് എന്നും, കീഴിലുള്ള ഉദ്യോഗസ്ഥർ സംഘടിച്ച് തനിക്കെതിരെ കലാപം ഉയർത്തിയതിനെ തുടർന്നാണ് സർക്കാരിന്‍റെ ഈ നടപടിയെന്നും അവർ ആരോപിച്ചു. മധ്യപ്രദേശ് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന് അയച്ച കത്തിലൂടെയാണ് 40-കാരിയായ നേഹ തന്റെ അപമാനവും മാനസിക സംഘർഷവും വെളിപ്പെടുത്തിയത്.

ചില സഹപ്രവർത്തകർ ഫയലുകൾ പൂഴ്ത്തിവെക്കുകയും മേശപ്പുറത്ത് കൊട്ടി ഭീഷണിപ്പെടുത്തി സ്ഥലംമാറ്റിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്തതായി നേഹ പറയുന്നു. ഈ അച്ചടക്കലംഘനത്തെക്കുറിച്ച് മേലധികാരികൾക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം തന്നെ സ്ഥലംമാറ്റുകയാണ് ചെയ്തതെന്ന് അവർ ചൂണ്ടിക്കാട്ടി. ഒരു വകുപ്പിന്‍റെ പ്രവർത്തനം മനസിലാക്കാൻ ഒരു മാസം പോലും തികയാത്ത സാഹചര്യത്തിൽ, ഇത്ര വേഗത്തിൽ ഒരു ഓഫീസർക്കെതിരെ കീഴിലുള്ളവർ സംഘടിക്കുന്നത് എങ്ങനെയെന്ന് അവർ ചോദിക്കുന്നു.

തുടർച്ചയായ സ്ഥലംമാറ്റങ്ങൾ തന്നെയൊരു എളുപ്പമുള്ള ലക്ഷ്യമാക്കി മാറ്റിയെന്നും തങ്ങൾ പറയുന്നതുപോലെ കേട്ടില്ലെങ്കിൽ സ്ഥലംമാറ്റിക്കാമെന്ന ധാരണ കീഴുദ്യോഗസ്ഥരിൽ ഉണ്ടാക്കിയെന്നും അവർ പറഞ്ഞു. “ഗൂഢാലോചനക്കാർ എപ്പോഴും ജയിക്കുന്നു, ഞാൻ പരാജയപ്പെടുന്നു. ഈ വ്യവസ്ഥിതി എന്നെ പൂർണ്ണമായും പരാജയപ്പെടുത്തി” എന്ന് കുറിച്ച നേഹ, ഇന്ന് തനിക്കാണ് ഈ ഗതി വന്നതെന്നും നാളെ മറ്റൊരു ഐഎഎസ് ഓഫീസറായിരിക്കും ഇരയെന്നും മുന്നറിയിപ്പ് നൽകി. ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി അസോസിയേഷൻ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button