Uncategorized

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു, ദൃശ്യങ്ങൾ പകർത്തി ഭീഷണി; മോചിപ്പിച്ചത് പൊലീസ്, രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി. പ്രതികൾ ബന്ദിയാക്കിയ യുവതിയെ പൊലീസ് മോചിപ്പിച്ചു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് അറസ്റ്റിലായത്.

ബെം​ഗളൂരുവിൽ താമസിക്കുന്ന യുവതിയാണ് ക്രൂരമർദനത്തിനിരയായത്. രണ്ടുവർഷം മുൻപ് യുവതി രേഷ്മയിൽനിന്ന് ഒരുലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. നസ്രത്തിൽനിന്ന് 50,000 രൂപയും വായ്പയെടുത്തു. എന്നാൽ, കഴിഞ്ഞ ആറുമാസമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലിശ അടയ്ക്കുന്നത് മുടങ്ങി. ഇതോടെ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി. ഭീഷണി ഭയന്ന് യുവതി താമസം മാറ്റുകയും രേഷ്മയുടെ നമ്പർ ഫോണിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് നസ്രത്ത് യുവതിയെ ഫോണിൽ വിളിച്ച് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു. പുതിയ ജോലി സംഘടിപ്പിച്ച് നൽകാമെന്നും വാ​ഗ്ദാനംചെയ്തു. ഇതനുസരിച്ച് നസ്രത്തിന്റെ വീട്ടിൽപോയ യുവതിയെ സുഹൈൽ ക്രൂരമായി മർദിച്ചെന്നാണ് പരാതി.

വീട്ടിൽവെച്ചുള്ള മർദനത്തിന് പിന്നാലെ യുവതിയെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി. രേഷ്മയും നസ്രത്തുമാണ് യുവതിയുടെ സമീപത്തായി ഇരുന്നത്. സുഹൈലും സെയ്ഫും ഓട്ടോയിലുണ്ടായിരുന്നു. തുടർന്ന് ഇവർ യുവതിയെ കുമ്പാല​ഗൊഡുവിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ യുവതിയെ ബന്ദിയാക്കിയശേഷം വിവസ്ത്രയാക്കുകയും മർദിക്കുകയും ഇത് ഫോണിൽ ചിത്രീകരിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

സംഭവത്തിൽ മകളെ കാണാനില്ലെന്ന് പറഞ്ഞ് യുവതിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തി യുവതിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button