കുമ്പളം ടോൾ പ്ലാസയിലേക്ക് പാഞ്ഞെത്തി; തൂണിലിടിച്ച് സ്വകാര്യ ബസ് മറിഞ്ഞു

കൊച്ചി കുമ്പളം ടോൾ പ്ലാസയിൽ
അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കോൺക്രീറ്റ് തൂണിലിടിച്ചുണ്ടായ അപകടത്തിൽ 23 പേർക്ക് പരുക്ക്. ചേർത്തലയിൽനിന്ന് അരൂർ, വൈറ്റില വഴി കലൂരിലേക്ക് പോവുകയായിരുന്നു ബസ്. അപകടം നടന്ന സമയത്ത് 40ലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. ടോൾ പ്ലാസയിലേക്ക് പ്രവേശിക്കുന്നതിനിടെ മീഡിയനിലേക്ക് കയറിയ ബസ് കോൺക്രീറ്റ് തൂണിൽ ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗവും ഗ്ലാസും പൂർണമായി തകർന്നു.
ഇടിയെത്തുടർന്ന് ബസ് ഒരു വശത്തേക്ക് ചരിഞ്ഞതോടെ തെറിച്ചുവീണാണ് കൂടുതൽ പേർക്കും പരുക്കേറ്റത്. മുഖത്തിനും കൈകൾക്കുമാണ് പലർക്കും പരുക്ക്. ഇവരെ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ 17 പേർ സ്ത്രീകളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
അപകടത്തിനു പിന്നാലെ ബസ് ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുനിന്ന് മാറി. ഇവർക്ക് ഗുരുതരമായ പരുക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടത്തിനു കാരണമെന്ന് സംശയമുണ്ട്. ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം, സ്വകാര്യ ബസുകൾ അമിത വേഗത്തിലെത്തുന്നതും ക്യു ഒഴിവാക്കാൻ പെട്ടെന്ന് വരികൾ മാറുന്നതും പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്ന് അവധി ദിവസമായതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നു. അപകടത്തിന് ശേഷം മറ്റ് വരികളിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടതിനാൽ ഗതാഗതം തടസ്സപ്പെട്ടില്ല. ടോൾ പ്ലാസയിലെ കോൺക്രീറ്റ് തൂണിൽ ഇടിച്ചു നിന്നതിനാൽ മറ്റ് വാഹനങ്ങളിലേക്ക് ബസ് ഇടിച്ചു കയറാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി




