തിയറ്ററിലെ അമിത വില! ഇടപെടാൻ പരിമിതിയുണ്ടെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകളിൽ പോപ്കോണും കുപ്പിവെള്ളവും ഉൾപെടെ അമിതവിലയ്ക്കു വിൽക്കുന്നുവെന്ന പരാതിയിൽ ഇടപെടാൻ സർക്കാരിനു പരിമിതിയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു.
പായ്ക്കറ്റിൽ ഇടാതെയാണു നിലവിൽ പോപ്കോൺ വിൽക്കുന്നത്. പായ്ക്കറ്റിലാണെങ്കിൽ അതിന്റെ തൂക്കവും എംആർപിയും പരിശോധിക്കാൻ കഴിയും. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ പറഞ്ഞിരിക്കുന്ന വിലയിലാണോ വിൽക്കുന്നതെന്നുമാണു ഇപ്പോൾ വകുപ്പ് പരിശോധിക്കുന്നത്.
അതിൽ കൂടിയ വിലയ്ക്കു വിറ്റാൽ നടപടി സ്വീകരിക്കും. പായ്ക്ക് ചെയ ഉൽപന്നങ്ങളുടെ പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന എംആർപി നിരക്കും അളവും പരിശോധിക്കുകയും അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് അതീവഗൗരവമുള്ള കാര്യമാണ്. പുറത്തുനിന്നുള്ള വെള്ളം തിയറ്ററുകളിൽ അനുവദിക്കാത്തത് ഉപഭോക്താക്കളുടെ അവകാശം ഹനിക്കുന്നതും ഒപ്പം മനുഷ്യാവകാശ ലംഘനവുമാണ്.
വീട്ടിൽനിന്നു കൊണ്ടുവരുന്ന വെള്ളം കുടിക്കേണ്ട തരത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ഉണ്ടാകും. അവർക്കുൾപ്പെടെ വെള്ളം കൊണ്ടുവരുന്നത് അനുവദിക്കാതിരിക്കുന്നത് ശരിയല്ല. അത് അനുവദിക്കുകയും കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നത് ഒഴിവാക്കുകയും വേണം. പരീക്ഷാഹാളുകളിലും വിമാനത്താവളത്തിലും വരെ കുടിവെള്ളം അനുവദിക്കുന്നുണ്ടെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.




