സംഘ്പരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരായ പരാതി; കർശന നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം

തിരുവനന്തപുരം: സംഘ്പരിവാർ അനുകൂല യൂട്യൂബ് ചാനലുകളും ചില ഓൺലൈൻ മാധ്യമങ്ങളും തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ വാർത്തകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ കർശന നടപടിക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ നിർദേശം നൽകി. പരാതി വിശദമായി പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് കൈമാറിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ പി.കെ. ശ്രീമതിയാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. മുൻ എംഎൽഎയുടെ ഭാര്യയെന്ന പേരിൽ നിയമസഭാ പെൻഷൻ അനധികൃതമായി കൈപ്പറ്റുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും ചില യൂട്യൂബ് ചാനലുകളിലും വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഈ പ്രചാരണങ്ങൾ മനഃപൂർവം വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ളതാണെന്നും അവർ ആരോപിച്ചു.അൻപത് വർഷത്തിലേറെയായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് യാതൊരു വസ്തുതയും പരിശോധിക്കാതെയാണ് ചില മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചതെന്ന് പി.കെ. ശ്രീമതി പ്രതികരിച്ചു. വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വിശദീകരണം തേടാൻ പോലും ആരും തയ്യാറായില്ലെന്നും, മാധ്യമധർമ്മത്തിന് വിരുദ്ധമായ നടപടിയാണ് നടന്നതെന്നും അവർ പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ചാനലുകൾക്കും അതിന് പിന്നിലുള്ളവർക്കുമെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.പരാതി ലഭിച്ച സാഹചര്യത്തിൽ വിഷയം പരിശോധിച്ച് നിയമപരമായി സ്വീകരിക്കാവുന്ന നടപടികൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
വ്യാജവാർത്ത പ്രചാരണം, അപകീർത്തിപ്പെടുത്തൽ, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നിവ സംബന്ധിച്ച നിയമവശങ്ങളും അന്വേഷണ ഏജൻസികൾ പരിശോധിക്കുമെന്നാണ് വിവരം.അതേസമയം, വ്യാജവാർത്തകളും വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള ഓൺലൈൻ പ്രചാരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ നിന്നുമുയരുന്നുണ്ട്. പി.കെ. ശ്രീമതിയുടെ പരാതിയിൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികളിലേക്കാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.




