Uncategorized

മല കയറുന്നതിനിടെ ക്ഷീണിതനായ ഏഴുവയസുകാരനെ പാതിവഴിയില്‍ തനിച്ചാക്കി പിതാവ്; അറസ്റ്റ്‌

ടോക്കിയോ: മല കയറുന്നതിനിടെ ക്ഷീണിതനായ തന്റെ ഏഴ് വയസുള്ള മകന് പലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കും നല്‍കി പാതിവഴിയിൽ തനിച്ചാക്കിയ ശേഷം ജപ്പാനിലെ ഏറ്റവും വലിയ പര്‍വ്വതമായ മൗണ്ട് ഫുജി കയറാന്‍ പോയ പിതാവ് അറസ്റ്റില്‍. വ്യാഴാഴ്ചയായിരുന്നു സംഭവം. നഗോയയില്‍ നിന്നുള്ള 48 വയസ്സുള്ള പിതാവ് ഏഴും പതിമൂന്നും വയസ്സുള്ള തന്റെ മക്കളോടൊപ്പമാണ് മൗണ്ട് ഫുജി കയറാനെത്തിയത്. ആറാമത്തെ ചെക്ക് പോയിന്റിന് സമീപത്തുവെച്ചാണ് ഇളയ കുട്ടിയെ തനിച്ചാക്കി പിതാവ് പോയതെന്ന് ജപ്പാന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കയറ്റത്തിനിടയില്‍ ക്ഷീണിതനാണെന്ന് ആണ്‍കുട്ടി പരാതിപ്പെട്ടു. ഇതോടെ പിതാവ് കുട്ടിയോട് കാറില്‍ കാത്തിരിക്കാന്‍ പറഞ്ഞ് പോവുകയായിരുന്നുവെന്ന് ഷിസുവോക്ക മേഖലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു. പര്‍വ്വതം കയറുന്നത് നിര്‍ത്താതെ കുട്ടിയെ ഉപേക്ഷിച്ച് പോയത് അംഗീകരിക്കാനാവില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആറാമത്തെ ചെക്ക്പോസ്റ്റില്‍ നിന്ന് പര്‍വ്വതത്തിലേക്ക് കയറാന്‍ അഞ്ച് മണിക്കൂറിലധികം സമയമെടുക്കുമായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30ഓടെ പിതാവ് കുട്ടിയെ ഉപേക്ഷിച്ച് പോയിരിക്കാമെന്നും മണിക്കൂറുകളോളം അവന്‍ മലയില്‍ തനിച്ചായിരിക്കാമെന്നുമാണ് പൊലീസ് കരുതുന്നത്.

രാവിലെ 7.40 ഓടെ, ആറാമത്തെ ചെക്ക്‌പോയിന്റിന് സമീപത്തുവെച്ച് ഒരു തൊഴിലാളിയാണ് കുട്ടി ഒരു ബെഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടത്. ഇയാളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് പിതാവുമായി ബന്ധപ്പെടുകയും തിരികെ വരാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടി സുരക്ഷിതനാണ്. സമുദ്രനിരപ്പിൽ നിന്ന് 12,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ഫുജി ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button