ഇനി സീബ്രകളെ കണ്ടില്ലെന്ന് പറയരുത്; ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ സീബ്രകൾ എത്തി

തിരുവനന്തപുരം: ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലേക്ക് സീബ്രകളെത്തി. റിലൈയ്ൻസിൻ്റെ വൻതാര മൃഗസംരക്ഷണകേന്ദ്രത്തിൽനിന്ന് തിരുവനന്തപുരം മൃഗശാലയിലേക്കാണ് മൂന്ന് സീബ്രകളെ എത്തിച്ചത്. ഓണക്കാലത്തെത്തിയ സീബ്രകളെ കാണാൻ കുട്ടികളും മുതിർന്നവരും കൂട്ടത്തോടെ എത്തുമെന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതർ.
ഒരു സിംഹവാലൻ കുരങ്ങിനെയും രാജവെമ്പാലയെയും പകരം നൽകിയാണ് വൻതാരയിൽനിന്ന് സീബ്രകളെ എത്തിച്ചത്. ഒരു ജോഡി സീബ്രകളെ നൽകാമെന്നായിരുന്നു ആദ്യത്തെ കരാർ. എന്നാൽ തിരുവനന്തപുരം മൃഗശാല അധികൃതരുടെ സമ്മർദത്തിനൊടുവിൽ ഒരു ആൺ സീബ്രയേയും രണ്ട് പെൺ സീബ്രകളെയും നൽകാൻ വൻതാര തയ്യാറായി.
പ്രത്യേക അനിമൽ ആംബുലൻസിൽ പൊലീസ് അകമ്പടിയോടെ റോഡ് മാർഗം രണ്ടര ദിവസമെടുത്താണ് ഗുജറാത്തിൽനിന്ന് മൂവരെയും എത്തിച്ചത്. 21 ദിവസത്തെ ക്വാറൻറീനിലാണ് സീബ്രകൾ. എന്നാൽ തുറന്ന ക്വാറൻറീനിൽ ആയതിനാൽ സന്ദർശകർക്ക് ഇന്ന് മുതൽ തന്നെ സീബ്രകളെ കാണാനാകും




